പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.