പുനര്‍ജനി കേസില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയതില്‍ വിശദീകരണവുമായി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രതിപക്ഷം കോടതിയില്‍ പോകുന്നെങ്കില്‍ പോകട്ടെ എന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് ഫയല്‍ പരിശോധിച്ച ശേഷമാണ്. ഒരു ഘട്ടത്തിലും സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞിട്ടില്ല. ഇത്തരം കേസുകള്‍ അന്വേഷിക്കാനുള്ള അധികാരം സംസ്ഥാന ഗവണ്‍മെന്റിനോ സംസ്ഥാനത്തെ കുറ്റാന്വേഷണ ഏജന്‍സികള്‍ക്കോ ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടത് കേന്ദ്ര ഗവണ്‍മെന്റും കേന്ദ്ര ഏജന്‍സികളുമാണെന്നാണ് പറഞ്ഞത്. കേന്ദ്ര ഏജന്‍സികള്‍ക്ക് കേസ് അന്നത്തെ ഗവണ്‍മെന്റ് വിട്ടുകൊടുത്തില്ലല്ലോ. അതിനു ശേഷം നടന്ന പരിശോധനയില്‍ ഇത് ആവശ്യമില്ലെന്ന് കണ്ടെത്തി – അദ്ദേഹം പറഞ്ഞു.ഒരു തെളിവും നല്‍കാതെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ താന്‍ പിന്നെ എന്തു ചെയ്യുമെന്നും ചെന്നിത്തലയുടെ ചോദ്യം. വസ്തുത മനസ്സിലാക്കാതെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം എന്നും രമേശ് ചെന്നിത്തല. പറഞ്ഞു.
ആഭ്യന്തരവകുപ്പിന്റേത് അസാധാരണ നടപടി എന്നാണ് സിപിഐഎം നേതാക്കള്‍ പ്രതികരിച്ചത്. വി ഡി സതീശനെ കുറ്റവിമുക്തനാക്കിയതിനെതിരെ കോടതിയില്‍ പോകുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്ന് പി രാജീവും പ്രതികരിച്ചു. മുഖ്യമന്ത്രി വല്ലാതെ പേടിച്ചിരുന്നെന്നും ആഭ്യന്തരമന്ത്രിയെ കൊണ്ട് അന്വേഷണം വേണ്ടെന്ന് വെപ്പിച്ചതാണെന്നും പി രാജീവ്.








