പുനര്‍ജനി പദ്ധതി: വി ഡി സതീശന് പിന്നാലെ മണപ്പാട്ട് ഫൗണ്ടേഷന് എതിരെയും അന്വേഷണം?; സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെട്ട പുനര്‍ജനി ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് മണപ്പാട് ഫൗണ്ടേഷനും സിഇഒയ്ക്കുമെതിരെ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ. എഫ്‌സിആര്‍എ നിയമപ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സിന്റെ ശിപാര്‍ശ.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹമ്മദിന് എതിരെ അന്വേഷണം വേണമെന്നാണ് ശിപാര്‍ശ. (Vigilance recommends CBI investigation against manappatt foundation)
ഇന്നലെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സിന്റെ ശിപാര്‍ശയുടെ വിവരങ്ങള്‍ പുറത്തെത്തിയത്. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് എത്തിയതും കൈകാര്യം ചെയ്തതും മണപ്പാട് ഫൗണ്ടേഷനാണെന്ന വിജിലന്‍സിന്റെ മറ്റൊരു റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും പുറത്തെത്തിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പ്രതിപക്ഷ നേതാവിന് പുറമേ മണപ്പാട് ഫൗണ്ടേഷനെ കേന്ദ്രീകരിച്ച് കൂടി അന്വേഷണം വേണമെന്ന് വിജിലന്‍സ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.വി ഡി സതീശനും അമീര്‍ അഹമ്മദും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രളയബാധിതരെ പുനരധിവസിപ്പിക്കാനെന്ന പേരില്‍ വിദേശത്ത് പണം പിരിച്ച് കേരളത്തിലേക്ക് അയച്ചതെന്ന് ഉള്‍പ്പെടെയായിരുന്നു പരാതി. പുനര്‍ജനി പദ്ധതിയുടെ കാലയളവില്‍ മണപ്പാട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് ഒരു കോടി 22 ലക്ഷം രൂപയ്ക്ക് മേല്‍ വന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ തുക വിവിധ രാജ്യങ്ങളില്‍ നിന്നായി സ്വരൂപിച്ചതാണ്. വിദേശഫണ്ട് സ്വീകരിച്ചതിന്റെ ശരിയായ രേഖകള്‍ മണപ്പാട് ഫൗണ്ടേഷന്‍ സൂക്ഷിച്ചിട്ടില്ലെന്നും എഫ്‌സിആര്‍എ നിയമലംഘനം നടന്നെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.