ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുന്‍മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനോട് കാണിക്കാത്ത സൗജന്യം കടകംപള്ളിയോട് കാണിക്കുന്നത് എന്തിനെന്ന് മനസിലായില്ലെന്നും കോടതി രണ്ടുതവണ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ് ചോദ്യം ചെയ്യലിലേക്ക് എസ്‌ഐടി എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വളരെ വൈകി ആണെങ്കിലും ഒന്ന് ചോദ്യം ചെയ്തു. ശനിയാഴ്ച ചോദ്യം ചെയ്തു എന്നാണ് പറയുന്നത്. രണ്ടുമൂന്നു ദിവസം കഴിഞ്ഞു കാര്യങ്ങള്‍ പുറത്തു വരാന്‍. തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം. തുടര്‍നടപടികള്‍ സസൂക്ഷ്മം നോക്കും. എക്‌സാം എഴുതിയ ഉടനെ തൃപ്തി എന്ന് പറയാന്‍ കഴിയില്ല. റിസള്‍ട്ട് പുറത്തു വരട്ടെ. അന്വേഷണത്തില്‍ സുതാര്യത ഉണ്ടാവണം. മുന്‍ മുഖ്യമന്ത്രിയോട് കാണിക്കാത്ത സൗജന്യം കടകംപള്ളിയോട് കാണിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. കോടതി രണ്ടുതവണ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ് ചോദ്യം ചെയ്യലിലേക്ക് എസ്‌ഐടി എത്തിയത്. ഭാവിയില്‍ ദോഷം ഉണ്ടാക്കും എന്ന ഭയം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകും. പത്മകുമാറിന് ഒപ്പം ഉണ്ടായ ശങ്കരദാസിനെ ഇതുവരെ ചോദ്യം ചെയ്തതായി അറിവില്ല. അത് എന്തുകൊണ്ട് – അദ്ദേഹം ചോദിച്ചു.
ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ കടകംപള്ളിയുടെ ചോദ്യം ചെയ്യല്‍ മനഃപൂര്‍വം നീട്ടിക്കൊണ്ട് പോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു.. സിപിഐഎമ്മിന് ക്ഷീണം ഉണ്ടാക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് മനപ്പൂര്‍വ്വം നീട്ടിവെക്കുകയായിരുന്നു.
കോടതി ഇടപെട്ടതുകൊണ്ടാണ് ഇപ്പോള്‍ ഇത് സംഭവിച്ചത്. കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ട്. കടകംപള്ളിയെ ചോദ്യം ചെയ്തത് രഹസ്യമാക്കി വെച്ചു. ആരും നിഷ്‌കളങ്കരല്ലെന്നും കൂടുതല്‍ പേരുകള്‍ ഇനിയും പുറത്തു വരുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.







