തിരുവനന്തപുരം ∙ ജവാന് അടക്കമുള്ള വില കുറഞ്ഞ മദ്യം വാങ്ങി, വിലയേറിയ സ്കോച്ച് ഇനത്തില്‍പ്പെട്ട മദ്യമെന്ന പേരിൽ വിൽക്കുന്ന വ്യാജ മദ്യ നിര്‍മാണ കേന്ദ്രം എക്സൈസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഈഞ്ചക്കല്‍ സ്വദേശി ഹാഷിം സുൽഫിക്കറിനെ പൊലീസ് പിടികൂടി. വിലകുറഞ്ഞ മദ്യം ഉപയോഗിച്ച് ബ്ലാക്ക് ലേബല്‍, ഷിവാസ് റീഗല്‍ തുടങ്ങിയ ബ്രാൻഡുകളുടെ വ്യാജനാണ് സുൽഫിക്കര്‍ നിർമിച്ചിരുന്നത്. ബവ്കോയില്‍നിന്ന് ജവാന് ഉള്‍പ്പെടെ വില കുറഞ്ഞ മദ്യങ്ങൾ വാങ്ങി അതില്‍ എസന്‍സും മറ്റു ചേരുവകളും ചേര്‍ത്ത് മിക്സ് ചെയ്ത് വിലകൂടിയ മദ്യത്തിന്റെ കുപ്പിയില്‍ നിറച്ച് ലേബല്‍ ചെയ്താണ് സുൽഫിക്കര്‍ ഒറിജിനലിനെ വെല്ലുന്ന വ്യാജമദ്യം നിര്‍മിച്ചിരുന്നത്. ഇയാളുടെ വീടിന്റെ കിടപ്പുമുറിയില്‍നിന്ന് 14 ലീറ്റര്‍ വ്യാജ മദ്യവും ബവ്കോയില്‍നിന്നു വാങ്ങിയ ആറര ലീറ്റര്‍ മദ്യവും കണ്ടെടുത്തു. തിരുവനന്തപുരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നർകോട്ടിക് സ്പെഷല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജമദ്യ റെയ്ഡ് നടത്തിയത്. നഗരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം വ്യാജ മദ്യം വിലകൂടിയ മദ്യം എന്ന പേരിൽ വിൽക്കുന്നുണ്ടെന്നു പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഇത്തരം കൂടുതല്‍ വ്യാജമദ്യ നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഓണം ലക്ഷ്യമിട്ട് ബാറുകളില്‍ ഉള്‍പ്പെടെ വ്യാജമായി നിര്‍മിച്ച മദ്യം ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം ഉള്ളതിനാല്‍ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.








