മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തുക അതീവ സാഹസമായിരുന്നുവെന്ന് വയനാട് എസ് പി തപോഷ് ബസുമദാരി. കേരള പൊലീസിന്റെ എസ്ഒജിയാണ് പട്ടാളത്തിന് സമാനമായി രക്ഷാപ്രവർത്തനം നടത്തിയത്. വീണ്ടും ഉരുൾപൊട്ടുമെന്ന മുന്നറിയിപ്പ് വന്നതോടെ അതിസാഹസമായിരുന്നു രക്ഷാപ്രവർത്തനമെന്നും എസ് പി തപോഷ് ബസുമദാരി പറഞ്ഞു.
എസ്ഒജിയാണ് മുണ്ടക്കൈയിൽ ആദ്യ രക്ഷാ പ്രവർത്തനം നടത്തിയത്. കേരളാ പൊലീസിന്റെ എസ്ഒജിയെ പട്ടാളം എന്ന് തെറ്റിദ്ധരിക്കപ്പെട്ടു. യൂണിഫോമിലെ സമാനത എസ്ഒജിയെ പട്ടാള മായി തെറ്റിദ്ധരിക്കാൻ കാരണമായെന്ന് എസ് പി തപോഷ് ബസുമദാരി പറഞ്ഞു. എഡിജിപി അജിത് കുമാർ ദുരന്തമുഖത്ത് ക്യാമ്പ് ചെയ്ത് നൽകിയ നിർദേശം നിർണ്ണായകമായെന്നും ഐ ജി സേതു രാമനും പൊലീസ് ഓപ്പറേഷന് മാർഗ നിർദേശം നൽകിയെന്നും എസ്പി പറഞ്ഞു.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ഒരു വർഷം തികയുമ്പോഴാണ് എസ് പി തപോഷ് ബസുമദാരിയുടെ പ്രതികരണം. ഒരു നാടിനെയാകെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളഞ്ഞ ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. 400 ഓളം കുടുംബങ്ങളാണ് ദുരന്തത്തിൽ ഒറ്റപ്പെട്ടത്.