റഷ്യയുടെ കാംചാക്ക തീരത്ത് വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി. പെട്രോപാവ്‍ലോസ്കിൽ നിന്ന് 134 കിലോമീറ്റർ തെക്ക് കിഴക്കൻ ഭാഗത്താണ് പ്രഭവ കേന്ദ്രം. 74 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് അറിയിച്ചു. അമേരിക്ക,ജപ്പാൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2011ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനമാണിതെന്നാണ് റിപ്പോർട്ട്. അലസ്ക ഉൾപ്പെടെയുള്ള മേഖലകളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാന്റെ തീരപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ നീക്കം തുടങ്ങി. ജനങ്ങൾ തീരദേശങ്ങളിൽ നിന്ന് അടിയന്തരമായി മാറണമെന്ന് ജപ്പാൻ പ്രധാനമന്ത്രി നിർദേശിച്ചു. ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ.
ഈ മാസത്തിന്റെ തുടക്കത്തിൽ കംചത്കയ്ക്ക് സമീപമുള്ള കടലിൽ അഞ്ച് ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു. ഇതിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയതായിരുന്നു ഏറ്റവും വലിയ ഭൂചലനം. അതേസമയം ഇപ്പോൾ ഉണ്ടായ ഭൂചലനം കാംചാക്കയെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.