വയനാട് ദുരന്തബാധിതർക്കുള്ള ചികിത്സാ സഹായം ഡിസംബർ വരെ നീട്ടിയാതായി മന്ത്രി കെ രാജൻ. സംസ്ഥാനത്തിൻ്റെ പല ആവശ്യങ്ങൾ കേന്ദ്രം ഇപ്പോഴും അംഗീകരിച്ചിട്ടില്ല. കേന്ദ്രത്തിൻ്റെത് ശത്രുതാപരമായ സമീപനമാണ്. മാതൃകാ ഭവനങ്ങൾക്ക് എതിരെയുള്ള സോഷ്യൽ മീഡിയാ പ്രചാരണങ്ങൾ അപമാനകരമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് 8 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കും. ജൂലൈ 30 ഹൃദയഭൂമിയിൽ നിത്യസ്മാരകം നിർമ്മിക്കും. അതിനായി 99 ലക്ഷം രൂപ അനുവദിച്ചുവെന്നും മന്ത്രി കെ രാജൻ അറിയിച്ചു. DDMA റിപ്പോട്ടിൻ്റെ അടിസ്ഥാനത്തിൽ 49 കുടുംബങ്ങളെ ടൗൺഷിപ്പിൽ ഉൾപ്പെടുത്തും. ഫിസിക്കൽ പരിശോധന നടത്തി കൂടുതൽ പേരെ ഉൾപ്പെടുത്തും. വിലങ്ങാടും ചൂരൽമലക്ക് സമാനമായ സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.
ദുരന്തത്തിൽ കടകളും കച്ചവടവും വാടക കെട്ടിടങ്ങളും സാധനങ്ങളും മറ്റും നഷ്ടപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനമായി. ഇതിന് പുറമെ തുടർചികിത്സ വേണ്ടവരുടെ ചികിത്സയ്ക്കുള്ള പണം ഡിസംബർ 31 വരെ അനുവദിക്കാനും ഈ യിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 6 കോടി രൂപ അനുവദിച്ചും തീരുമാനമായി.
ഇതോടെ ആകെ പുനരധിവാസ പട്ടികയിൽ ഉള്ള ഗുണഭോക്താക്കളുടെ എണ്ണം 451 ആയി. നേരത്തെ 402 പേർക്ക് എൽസ്റ്റണിലെ ടൗൺഷിപ്പിൽ വീട് അനുവദിച്ചിരുന്നു. ദുരന്തത്തിന്റെ സ്മാരകം പുത്തുമല ഹൃദയഭൂമിയിൽ നിർമ്മിക്കും. ഇതിന് 93.93 ലക്ഷം രൂപ അനുവദിച്ചു. ഓണത്തിന് മുമ്പ് നിർമാണം തുടങ്ങും.
വീടിനായുള്ള ഗുണഭോക്തൃ പട്ടികയിൽ അപേക്ഷ നൽകിയവരിൽ 100 ലേറെ പേരുടെ ഹിയറിങ്ങ് കഴിഞ്ഞെന്നും ഇനി പരിശോധന കൂടി നടത്തിയശേഷം അർഹതപ്പെട്ടവരെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പട്ടികപ്രകാരം ഉൾപ്പെടുത്തുമെന്നും റവന്യു മന്ത്രി കൂട്ടിച്ചേർത്തു.
കനത്ത മഴ തടസ്സം സൃഷ്ടിച്ചില്ലെങ്കിൽ ഈ വരുന്ന ഡിസംബർ 31 ആകുമ്പോഴേക്കും ടൗൺഷിപ്പിൽ മുഴുവൻ വീടുകളും പൂർത്തിയാക്കാൻ സാധിക്കുമെന്ന് മന്ത്രി രാജൻ ഉറപ്പ് നൽകി. വെറും മൂന്നര മാസം കൊണ്ടാണ് മാതൃക വീട് പൂർത്തീകരിച്ചത്. കഴിഞ്ഞ ഒക്ടോബർ 4 ന് സർക്കാർ എൽസ്റ്റണിലെ ഭൂമി ഏറ്റെടുത്തെങ്കിലും ഉടമകൾ കോടതിയെ സമീപിച്ചതിനാൽ ഈ വർഷം ഏപ്രിൽ 13 ന് മാത്രമാണ് നിർമാണം തുടങ്ങാൻ സാധിച്ചത്.
ഏത് തരത്തിലുള്ള സോഷ്യൽ ഓഡിറ്റിങ്ങിനും വിധേയമാകും വിധമുള്ള, അതിജീവിതരെ ചേർത്തുപിടിച്ചുള്ള സമഗ്ര പുനരധിവാസ പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുറവുകൾ ഉണ്ടാകാം. അതെല്ലാം ചർച്ച ചെയ്യാം. എല്ലാം പരിഗണിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.