സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്തുന്നത്.
ഡിസംബർ 8 ചൊവ്വാഴ്ചയാണ് ഒന്നാം ഘട്ടം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലുമാണ് ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടം ഡിസംബർ 10 വ്യാഴാഴ്ച നടക്കും. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് വോട്ടെടുപ്പ്
മൂന്നാം ഘട്ടം ഡിസംബർ 14 തിങ്കളാഴ്ചയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ജില്ലകളിലാണ് അന്നേ ദിവസം തെരഞ്ഞെടുപ്പ്. ഡിസംബർ 16 ബുധനാഴ്ചയാണ് വോട്ടെണ്ണൽ. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിംഗ്. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാകും തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്തെ 1200 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കാണ് മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്.