തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ ആയി പ്രഖ്യാപിക്കും. രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ പുറത്തിറക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി അടുത്ത ബുധനാഴ്ച അവസാനിക്കാനിരിക്കുകയാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് വൈകിയത്. അതേസമയം ഡിസംബർ 15ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കി പുതിയ ഭരണസമിതി നിലവിൽ വരും.
ഒന്നിടവിട്ട ജില്ലകളിൽ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വോട്ടെടുപ്പ് നടത്താൻ കൂടുതൽ സേനാവിന്യാസം ആവശ്യമാണ്. ഇതിനാലാണ് തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമാക്കുന്നത്.
കൊവിഡ് ബാധിതർക്ക് തപാൽ വോട്ട് അനുവദിക്കും. വോട്ടെടുപ്പിന് തലേ ദിവസം രോഗം വരുന്നവർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കും. തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കുന്നതിനാൽ ഒരു മാസത്തേക്ക് തദ്ദേശ സ്ഥാപനങ്ങളിൽ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമായിരിക്കും.