Headlines

CAFA നേഷൻസ് കപ്പിന് ഒരുങ്ങി ടീം ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം പുറത്ത്

CAFA കപ്പിൽ ഇന്ത്യ മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ. 2025 ഓഗസ്റ്റ് ഇരുപത്തിയൊൻപത്തിന് ആരംഭിക്കുന്ന ടൂർണമെന്റ് സെപ്റ്റംബർ എട്ട് വരെ നീണ്ട് നിൽക്കും. മലേഷ്യ പിന്മാറിയതോടെയാണ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കളമൊരുങ്ങിയത്. ലോജിസ്റ്റിക് പ്രശ്നങ്ങളും കളിക്കാരുടെ ലഭ്യതയിലെ ബുദ്ധിമുട്ടുകളും കാരണം ജൂലൈ 15-ൻ തങ്ങളുടെ പിന്മാറ്റം മലേഷ്യ അറിയിച്ചിരുന്നു.

എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് റൗണ്ട് ഘട്ട മത്സരങ്ങൾ നടക്കുക. A ഗ്രൂപ്പിൽ ഉസ്ബെക്കിസ്ഥാൻ, കിർഗ്ഗിസ്ഥാൻ, തുർക്‌മെനിസ്ഥാൻ, ഒമാൻ എന്നീ ടീമുകളും, B ഗ്രൂപ്പിൽ ഇന്ത്യ, താജിക്കിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളും ഉൾപ്പെടുന്നു. ഓഗസ്റ്റ് 29-നാണ് ഇന്ത്യ ആദ്യ മത്സരം. മത്സരത്തിൽ ഇന്ത്യ ആതിഥേയരായ താജികിസ്താനെ നേരിടും. പിന്നീട് സെപ്റ്റംബർ ഒന്നിന് ഇറാനെതിരെയും, സെപ്റ്റംബർ നാലിന് അഫ്ഗാനിസ്ഥാനെതിരെയും ഏറ്റുമുട്ടും.

നിലവിൽ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 133 ആം സ്ഥാനത്താണ്. കൂടാതെ, മുഖ്യ പരിശീലകൻ ആരെന്നുള്ള ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതും ഉണ്ട്.
സ്റ്റീഫൻ കോൺസ്റ്റന്റൈൻ, ഖാലിദ് ജമീൽ, സ്റ്റെഫാൻ ടാർകോവിച്ച് എന്നീ മൂന്നംഗ പട്ടികയിൽ നിന്ന് ഓഗസ്റ്റ് ഒന്നിന് ഇതിൽ ഒരു തീരുമാനം ഉണ്ടാകും. മുൻ ഇന്ത്യൻ താരവും, ഇന്ത്യൻ പരിശീലകനുമായ ഖാലിദ് ജമീലിനാണ് കൂട്ടത്തിൽ മുൻഗണന.