ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ ആര് എന്ന് അറിയാൻ ഇനി ഒരു ദിവസത്തിന്റെ ദൂരം മാത്രം. 170-ൽ അധികം അപേക്ഷ ലഭിച്ചിടത്തുനിന്ന് തയ്യാറാക്കിയ മൂന്നംഗ പട്ടികയിൽ നിന്ന് പരിശീലകസ്ഥാനത്തേക്ക് ഉയരുന്നത് ആരെന്ന് ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിക്കും. സ്റ്റീഫൻ കോൺസ്റ്റന്റൈൻ, ഖാലിദ് ജമീൽ, സ്റ്റെഫാൻ ടാർകോവിച്ച് എന്നിവരാണ് അന്തിമ പട്ടികയിൽ ഇടം നേടിയ മൂന്ന് പരിശീലകർ. സ്പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസ് ഇന്ത്യൻ ഹെഡ്കോച്ചാകാൻ അപേക്ഷ സമർപ്പിച്ചെന്ന വ്യാജവാർത്തകൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് ചർച്ചകൾ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നത്.
അന്തിമപട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മുൻ ഇന്ത്യൻ താരവും, ഐ എസ് എൽ ക്ലബായ ജംഷഡ്പൂർ എഫ്.സിയുടെ മുഖ്യ പരിശീലകനുമായ ഖാലിദ് ജമീലിന്റെ പേരാണ് കൂടുതലും ഉയർന്നു കേൾക്കുന്നത്. 48 വയസ്സ് മാത്രമുള്ള ഖാലിദ്, ഇന്ത്യൻ ലീഗുകളിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച ഒരു പരിശീലകനാണ്. 2017-ൽ ഐസ്വാൾ എഫ്.സി.യെ ഐ-ലീഗ് ചാമ്പ്യന്മാരാക്കിയാണ് അദ്ദേഹം തന്റെ വരവറിയിച്ചത്. കൂടാതെ, ഐ.എസ്.എൽ ചരിത്രത്തിൽ മുഖ്യ പരിശീലകസ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനായ ഖാലിദ് ജമീൽ കഴിഞ്ഞ രണ്ട് സീസണിലും മികച്ച പരിശീലകനുള്ള AIFF പുരസ്കാരം സ്വന്തമാക്കിയിരുന്നു. സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്റ്റെഫാൻ ടാർകോവിച്ച് എന്നിവരാണ് ഖാലിദിന് പുറമെയുള്ള മാറ്റ് രണ്ടുപേർ. ഖാലിദ് ജമീലിന് ശേഷം ഉയർന്നുകേൾക്കുന്ന പേര് സ്റ്റീഫൻ കോൺസ്റ്റന്റൈന്റെതാണ്.
അടുത്ത ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളടക്കം പുതിയ പരിശീലകന് മുന്നിൽ ഉണ്ടാകുന്ന ചുമതലകൾ ഏറെയാണ്. കൂടാതെ, ഫിഫ റാങ്കിങ്ങിലും ഇന്ത്യ താഴേക്ക് വീണിരിക്കുന്നു. സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ പരിശീലക സമയത്ത് നൂറ്റിയെഴുപത്തിമൂന്നിൽ നിന്ന് തൊണ്ണൂറ്റിയേഴാം സ്ഥാനത്തുവരെ ഉയർന്നുനിന്നിരുന്നു ഇന്ത്യ. എന്നാൽ, മോശം പ്രകടനം കാരണം നൂറ്റിമുപ്പത്തിമൂന്നാം സ്ഥാനത്തേക്ക് ഇപ്പോൾ കൂപ്പുകുത്തിയിരിക്കുന്നു.