2026 AFC വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിനായുള്ള ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു. ഇന്ത്യ ജപ്പാൻ, വിയറ്റ്നാം, ചൈനീസ് തായ്‌പേയ് എന്നിവർ ഉൾപ്പെടുത്തിയിരിക്കുന്ന ഗ്രൂപ്പ് C-യിൽ. 2026 മാർച്ച് 1 മുതൽ മാർച്ച് 21 വരെ ഓസ്‌ട്രേലിയയിലെ സിഡ്നി, പെർത്ത്, ഗോൾഡ് കോസ്റ്റ് എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. 2023 ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച വിയറ്റ്നാമും, മൂന്ന് തവണ ഏഷ്യൻ കപ്പ് നേടിയ ചൈനീസ് തായ്‌പേയിയും ഗ്രൂപ്പിൽ ഇന്ത്യയ്ക്ക് ശക്തരായ എതിരാളികളാണ്.
ഇന്ത്യൻ വനിതാ ടീം യോഗ്യതാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഏഷ്യൻ കപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ഈ മാസം ആദ്യം നടന്ന യോഗ്യത മത്സരങ്ങളിൽ തായ്‌ലൻഡ്, ഇറാഖ്, ടിമോർ-ലെസ്റ്റെ, മംഗോളിയ എന്നീ ടീമുകളെ തോൽപ്പിച്ചാണ് ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടിയത്. 1980 ലും 1983 ലും റണ്ണർ അപ്പുകളായ ഇന്ത്യ, 2003 ന് ശേഷം ആദ്യമായാണ് ഏഷ്യൻ കപ്പിൽ മത്സരിക്കാൻ ഇറങ്ങുന്നത്. 2022-ൽ കോവിഡ് വ്യാപനം തിരിച്ചടിയായതിനാൽ ടീമിന് ടൂർണമെന്റിൽ നിന്ന് പിന്മാറേണ്ടി വന്നിരുന്നു.
ആതിഥേയരായ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ഇറാൻ, ഫിലിപ്പീൻസ് എന്നിവർ ഗ്രൂപ്പ് A-യിലും, നിലവിലെ ചാമ്പ്യന്മാരായ ചൈന, ഉത്തര കൊറിയ, ബംഗ്ലാദേശ്, ഉസ്ബെക്കിസ്ഥാൻ എന്നിവർ ഗ്രൂപ്പ് B-യിലും ആണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ ക്വാർട്ടർ ഫൈനലിൽ മുന്നേറുന്ന നാല് ടീമുകൾ 2027-ൽ ബ്രസീലിൽ വച്ച് നടക്കുന്ന ഫിഫ വനിതാ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടും. ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുന്ന ടീമുകൾക്ക് ലോകകപ്പിനായി AFC-ക്ക് അനുവദിച്ചിട്ടുള്ള ശേഷിക്കുന്ന രണ്ട് നേരിട്ടുള്ള സ്ഥാനങ്ങളിലേക്കായി പ്ലേ ഓഫിൽ മത്സരിക്കാം. പ്ലേ ഓഫിൽ പരാജയപ്പെട്ടാൽ ആ രണ്ട് ടീമുകൾക്ക് ഇന്റർ-കോൺഫെഡറേഷൻ പ്ലേ ഓഫുകൾ വഴി ബ്രസീലിലേക്ക് യോഗ്യത നേടാനുള്ള മറ്റൊരു അവസരം കൂടി ലഭിക്കും.