ഇന്ത്യൻ വനിതാ ടീം ആദ്യമായി ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നു എന്ന ചരിത്രം കൂടിയാണ് ഇന്നലെ സ്വന്തമാക്കിയ വിജയത്തിലൂടെ രേഖപ്പെട്ടത്. 29ആം മിനിറ്റിൽ അങ്കിത ബസ്‌ഫോറിലൂടെ ഇന്ത്യ മുന്നിലെത്തിയെങ്കിലും 47ആം മിനിറ്റിൽ ചറ്റ്ച്ചവൻ റോഥോങ്ങിലൂടെ തായ്‌ലൻഡ് സമനില നേടുകയായിരുന്നു. ഒട്ടേറെ അവസരങ്ങൾക്കും മികച്ച സേവുകൾക്കും ഒടുവിൽ 74ആം മിനിറ്റിൽ തന്റെ ഇരട്ട ഗോൾ നേടി അങ്കിത ബസ്‌ഫോർ ഇന്ത്യയെ വിജയത്തിന്റെ ചവിട്ടുപടികൾ കയറ്റി.
എഎഫ്സി വനിതാ ഏഷ്യൻ കപ്പിൽ യോഗ്യത നേടി ഇന്ത്യൻ വനിതാ ടീം. ഇന്നലെ തായ്‌ലൻഡിലെ ചിയാങ് മയി സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ആതിഥേയരായ തായ്ലൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ എഎഫ്സി ഏഷ്യൻ കപ്പിന് ടിക്കറ്റ് ഉറപ്പിച്ചത്. 2026 ൽ ഓസ്‌ട്രേലിയയിൽ വച്ചാണ് എഎഫ്സി ഏഷ്യൻ കപ്പ് നടക്കുന്നത്.
ഒരേ പോയിന്റ് നിലയോടെയും ഗോൾ ഡിഫറെൻസോടെയും കൂടെ ഇറങ്ങിയ ഇരു ടീമിനും ഏഷ്യൻ കപ്പ് എന്ന സ്വപ്നത്തിൽ എത്താൻ വിജയം അല്ലാതെ മറ്റൊന്നും മുന്നിൽ ഉണ്ടായിരുന്നില്ല. ആ സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ അങ്കിതയുടെ ഇരട്ട ഗോൾ ഇന്ത്യയ്ക്ക് ചിറകുകൾ നൽകുകയായിരുന്നു.