Headlines

‘അവന്‍ പൂര്‍ണ ആരോഗ്യവാന്‍’; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരന്‍ അനോഷ് ആശുപത്രി വിട്ടു

തൃശൂര്‍ കോടാലിയില്‍ വീട്ടില്‍ നിന്ന് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരന്‍ അനോഷ് ആശുപത്രി വിട്ടു. അനോഷ് പൂര്‍ണ ആരോഗ്യവാനെന്ന് അങ്കമാലി അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയില്‍ ആയിരുന്നെന്നും പ്രശ്‌നങ്ങള്‍ പൂര്‍ണമായി ഭേദമായെന്നും ഡോക്ടേഴ്‌സ് അറിയിച്ചു.അനോഷിന് ന്യൂറോ സംബന്ധമായും പ്രശ്‌നങ്ങളും ശ്വാസതടസവും പൂര്‍ണ്ണമായി ഭേദമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ശംഖുവരയന്‍ പാമ്പ് കടിച്ചാല്‍ ദേഹത്ത് പോലും പാട് ഉണ്ടാകില്ല. വേദന പോലും ഉണ്ടാകില്ല. പാമ്പിനെ കണ്ടാല്‍ മാത്രമേ സംശയിക്കാന്‍ പോലും സാധ്യതയുള്ളൂ. വേനല്‍ക്കാലത്ത് എല്ലാവരും പ്രത്യേകം കരുതി ഇരിക്കണം. കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും പ്രവര്‍ത്തനം ഗുരുതരമായ അവസ്ഥയിലായിരുന്നു. Ecmo,anti snake venom അടക്കം ചികിത്സ ലഭ്യമാക്കി – ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
വൈകാരികമായാണ് അനോഷിന്റെ പിതാവ് പ്രതികരിച്ചത്. ഒരു മകന്‍ പോയി, ഒരാളെയെങ്കിലും കിട്ടണേ എന്ന പ്രാര്‍ത്ഥനയായിരുന്നെന്നും പിതാവ് സില്‍ജോ പറഞ്ഞു. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവക്കും നന്ദിയെന്ന് അനോഷ് പറഞ്ഞു.

ഏപ്രില്‍ 18ന് പുലര്‍ച്ചെയാണ് കോടാലിയിലെ വീട്ടില്‍ വച്ച് അനോഷിനെയും സഹോദരന്‍ അല്‍ജോയെയും കിടന്നുറങ്ങുമ്പോള്‍ ശംഖുവരയന്‍ പാമ്പ് കടിച്ചത്. അല്‍ജോയ്ക്ക് ജീവന്‍ നഷ്ടമായി. അന്നുമുതല്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു അനോഷ്.

കോടാലി വീട്ടിലെ പാമ്പ് ശല്യം തീര്‍ന്നു എന്ന് ഉറപ്പില്ലാത്തതിനാല്‍ മകനുമായി സഹോദരന്റെ വീട്ടിലേക്കാണ് ഇപ്പോള്‍ മടങ്ങുന്നത്. അനോഷിന്റെ ചികിത്സാ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. നിശ്ചിത തുക കുറയ്ക്കുമെന്ന് ആശുപത്രിയും വ്യക്തമാക്കി.