ഇംഗ്ലീഷ് അറിയില്ലെന്ന ട്രോളുകള്‍ക്ക് മറുപടിയുമായി എ എ റഹീം എംപി. ഭാഷാപരമായ പരിമിതികള്‍ തനിക്കുണ്ട്. തന്റെ ഭാഷയിലെ വ്യാകരണം തിരയുന്നവരോട് വെറുപ്പില്ലെന്നും എ എ റഹീം എംപി പറഞ്ഞു. കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിനെതിരെ ദേശീയ മാധ്യമങ്ങളോട് ഇംഗ്ലീഷില്‍ പ്രതികരിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെയാണ് എ എ റഹീമിന്റെ പ്രതികരണം.
ഭാഷാപരമായി പരിമിതകളുള്ള ആളാണ് ഞാന്‍. ഭാഷാപരമായി മെച്ചപ്പെടുത്തേണ്ടയാളാണ്. അത് തിരിച്ചറിയുന്ന ആളും കൂടിയാണ്. എന്റെ ഭാഷയുടെ പരിമിതി പ്രവര്‍ത്തനങ്ങളെ ബാധിക്കരുത് എന്ന് ഉറച്ച് വിശ്വസിക്കുന്നുയാളും കൂടിയാണ്. എന്റെ ഇംഗ്ലീഷിലെ പരിമിതിയില്‍ ഊന്നിക്കൊണ്ട് ട്രോളുന്നവരോട് ഒരു വിരോധവുമില്ല. ഞാന്‍ അത് മെച്ചപ്പെടുത്താന്‍ ശ്രമിക്കും എന്നാണ് അവര്‍ക്കുള്‍പ്പടെ കൊടുക്കാനുള്ള ഉറപ്പ്. വന്ന ട്രോളുകള്‍ ഭാഷ കൂടുതല്‍ മെച്ചപ്പെടുത്താന്‍ എന്നെ പ്രാപ്തനാക്കും. അതിന് അവരോടും എനിക്ക് നന്ദിയുണ്ട് – എഎ റഹീം പറഞ്ഞു.
വിഷയത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. ട്രോള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന വീഡിയോയുടെ ബാക്കി ഭാഗം കൂടി പങ്കുവച്ചുകൊണ്ടായിരുന്നു പ്രതികരണം.






