🔳കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നിട്ടില്ലെന്ന് തമിഴ്നാട്. സുപ്രീം കോടതിയില്‍ കേരളം സമര്‍പ്പിച്ച പരാതിയില്‍ നല്‍കിയ മറുപടിയിലാണ് തമിഴ്നാട് ഇക്കാര്യം അറിയിച്ചത്. അണക്കെട്ട് മുന്നറിയിപ്പ് നല്‍കാതെ തുറന്നിട്ടില്ലെന്നും വെള്ളം തുറന്നു വിടുന്നതിന് മുമ്പ് കേരളത്തിന് കൃത്യമായ വിവരം നല്‍കിയിരുന്നുവെന്നും തമിഴ്നാട് വാദിക്കുന്നു. മുല്ലപ്പെരിയാറില്‍ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്നാട് വാദിക്കുന്നു. അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് നോക്കിയാണ് അണക്കെട്ട് തുറന്നു വിടുന്നത്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടുവെന്ന കേരളത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്നും തമിഴ്നാട് നിലപാടറിയിച്ചു.
🔳വഖഫ് ബോര്‍ഡ് വിഷയത്തില്‍ മുസ്ലീംലീഗിനെതിരെ പരോക്ഷ വിമര്‍ശനവുമായി സമസ്ത കേരള ജംഇയ്യത്തുള്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലീയാര്‍ രംഗത്ത്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും ചിലര്‍ ഒച്ചപ്പാടുണ്ടാക്കുകയാണ്. വഖഫ് നിയമനങ്ങളില്ല, വഖഫ് സ്വത്തുകള്‍ അന്യാധീനപ്പെടുന്നതിലാണ് ആശങ്കയെന്ന് കാന്തപുരം പറഞ്ഞു. വഖഫ് സ്വത്തുക്കള്‍ കൈയ്യൂക്ക് ഉപയോഗിച്ച് ആരും വകമാറ്റി ചിലവഴിക്കരുതെന്നും, അങ്ങനെയുണ്ടെങ്കില്‍ അത് തിരിച്ചുപിടിക്കണമെന്നും കാന്തപുരം പറഞ്ഞു.
🔳പിണറായി വിജയന്‍ ലീഗിനെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ ഞങ്ങള്‍ക്ക് പൂമാലാകളാണെന്ന് നജീബ് കാന്തപുരം എംഎല്‍എ. നിങ്ങള്‍ എണ്ണിത്തരുന്നത് വാങ്ങിക്കഴിച്ച് നിങ്ങളുടെ ചിറകിനടിയില്‍ ഒരു സമുദായം നില്‍ക്കണമെന്ന ധിക്കാരപരമായ നിലപാട് ആരും പരിഗണിക്കില്ല. ഭരണഘടനക്കും നിയമ സംവിധാനങ്ങള്‍ക്കും എതിരെയാണ് നിങ്ങള്‍ നിയമമുണ്ടാക്കിയത്. അത് തെറ്റാണെന്നും തിരുത്തണമെന്നുമാണ് ഞങ്ങള്‍ നിരന്തരം ആവശ്യപ്പെടുന്നത്. മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച താങ്കള്‍ സമുദായത്തിനകത്തെ ഏതെല്ലാം കക്ഷികള്‍ക്കൊപ്പമാണ് കിടക്കപ്പായ പങ്കിട്ടതെന്ന് മറക്കരുത്. ലീഗ് അന്നുമിന്നും ഈ നാടിനെ ഒന്നിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂവെന്നും നജീബ് കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു.
🔳കേരള പൊലീസിനായുള്ള ഹെലികോപ്റ്റര്‍ വാടക കരാര്‍ ദില്ലി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷന്. ഇന്നലെ തുറന്ന സാമ്പത്തിക ബിഡില്‍ ഏറ്റവും കുറഞ്ഞ തുക നല്‍കിയ ചിപ്സണ് കരാര്‍ നല്‍കാന്‍ ഡിജിപി അധ്യക്ഷനായ ടെണ്ടര്‍ കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. പ്രതിമാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് ചിപ്സണ്‍ നല്‍കിയത്. 20 മണിക്കൂര്‍ കഴിഞ്ഞാല്‍ ഓരോ മണിക്കൂറും പറക്കാന്‍ 90,000 രൂപ അധികം നല്‍കണം. മൂന്നു വര്‍ഷത്തേക്കാണ് ആറ് സീറ്റുള്ള ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നത്.
🔳കെ റെയിലിന്റെ നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തില്‍ ശശി തരൂര്‍ എംപി ഒപ്പുവെച്ചില്ല. കേന്ദ്ര റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തിലാണ് ശശി തരൂര്‍ ഒപ്പുവെക്കാതിരുന്നത്. പുതുച്ചേരി എംപി വി വൈത്തി ലിംഗമടക്കം യുഡിഎഫ് പക്ഷത്ത് നിന്ന് 18 എംപിമാര്‍ നിവേദനത്തില്‍ ഒപ്പിട്ടു. നിവേദനം നല്‍കിയ എംപിമാരുമായി നാളെ റെയില്‍വെ മന്ത്രി അശ്വനി കുമാര്‍ കൂടിക്കാഴ്ച നടത്തും. വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്നാണ് ശശി തരൂര്‍ എംപിയുടെ നിലപാട്. അതിനാലാണ് അദ്ദേഹം പദ്ധതിക്കെതിരായ നിവേദനത്തില്‍ ഒപ്പിടാതിരുന്നത്.
🔳ചട്ടം ലംഘിച്ച് കണ്ണൂര്‍ വിസിയെ പുനര്‍ നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയ ഉന്നത വിദ്യാഭ്യസ മന്ത്രി ആര്‍ ബിന്ദുവിന്റെ രാജിക്കായി സമ്മര്‍ദ്ദം ശക്തമാക്കി പ്രതിപക്ഷം. സത്യപ്രതിഞ്ജാ ലംഘനം നടത്തിയതിന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയ്ക്ക് പരാതി നല്‍കും. വിവാദം ശക്തമാകുമ്പോഴും പ്രതികരിക്കാന്‍ പ്രൊഫസര്‍ ആര്‍ ബിന്ദു തയ്യാറായിട്ടില്ല.
🔳മഴയല്ല റോഡ് തകരാന്‍ കാരണമെന്ന് കേരള ഹൈക്കോടതി. മികച്ച രീതിയില്‍ റോഡുകള്‍ പണിയാനാകുമെന്നും പാലക്കാട് – ഒറ്റപ്പാലം റോഡ് ഇതിന് ഉദാഹരണമാണെന്നും ഹൈക്കോടതി പറഞ്ഞു. ഇത്രയും കാലമായിട്ടും ആ റോഡിന് ഒരു കുഴപ്പവുമില്ല. ആ റോഡ് നിര്‍മിച്ച മലേഷ്യന്‍ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്യേണ്ടി വന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
🔳സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടും. നിരക്ക് എത്ര കൂട്ടണമെന്നതില്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കുടുംബത്തിന്റെ വരുമാനത്തിന് ആനുപാതികമാക്കി നിശ്ചയിക്കാന്‍ സര്‍ക്കാരിന് ആലോചനയുണ്ട്. ബിപിഎല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്രയും മറ്റു വിഭാഗങ്ങള്‍ക്ക് ആനുപാതികമായും ഉള്ള നിരക്ക് പരിഗണനയിലാണ്. രാത്രിയാത്രകള്‍ക്കുള്ള നിരക്ക് വര്‍ധനവും സര്‍ക്കാര്‍ ആലോചിക്കുകയാണ്. മുഖ്യമന്ത്രിയുമായും ബസുടമകളുമായും നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.
🔳ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെതിരെ വീണ്ടും എംഎം മണി. ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രന്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി വിരുദ്ധമാണ്. ഇങ്ങനെ ഉള്ള ആളുകളെ ചുമക്കേണ്ട കാര്യമില്ല. ഇക്കൂട്ടര്‍ പാര്‍ട്ടി വിട്ടു പോയാലും പ്രശ്നമില്ല. രാജേന്ദ്രന് എല്ലാം നല്കിയത് പാര്‍ട്ടിയാണെന്നും ഇപ്പോള്‍ ഇങ്ങനെ ഓരോന്ന് ചെയ്യുന്നതിന് പണികിട്ടുമെന്നും മറയൂര്‍ ഏരിയ സമ്മേളനത്തില്‍ എംഎം മണി തുറന്നടിച്ചു.
🔳സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ബാലവേല സംബന്ധിച്ച് വിവരം നല്‍കുന്ന വ്യക്തിക്ക് 2,500 രൂപയാണ് ഇന്‍സന്റീവ് നല്‍കുന്നത്. ബാലവേല നിയമപരമായി നിരോധിയ്ക്കുകയും അത് ക്രിമിനല്‍ കുറ്റമാക്കുകയും ചെയ്തിട്ടുണ്ട്. ബാലവേല കേരളത്തില്‍ കുറവാണെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളോടൊപ്പവും ഇടനിലക്കാര്‍ വഴിയും കുട്ടികളെ കേരളത്തില്‍ ജോലി ചെയ്യിപ്പിക്കുന്നതിനായി കൊണ്ടുവരുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. പൊതുജനങ്ങളുടെ പങ്കാളിത്തം ഉണ്ടെങ്കില്‍ മാത്രമേ ഇത് തടയുന്നതിന് സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
🔳ചന്ദ്രിക ദിനപ്പത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസില്‍ ഫിനാന്‍സ് ഡയറക്ടറെ അറസ്റ്റ് ചെയ്തു. പിഎ അബ്ദുള്‍ സമീറിനെയാണ് കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ചന്ദ്രിക ദിനപ്പത്രത്തിലെ ജീവനക്കാരുടെ പിഎഫ് തുക പിഎഫ് അക്കൗണ്ടില്‍ അടച്ചില്ലെന്ന പരാതിയിലാണ് അറസ്റ്റ്. പിഎഫ്, ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയിലേക്കായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച 2.20 കോടി രൂപ കണക്കിലില്ലെന്നും ഇത് ഫിനാന്‍സ് ഡയറക്ടര്‍ മുക്കിയെന്നുമാണ് പരാതി. ചന്ദ്രിക ദിനപ്പത്രത്തിലെ ജീവനക്കാര്‍ തന്നെയാണ് പരാതിക്കാര്‍.
🔳മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസ് ഉള്‍പെട്ട അസോസിയേറ്റ് പ്രഫസറുടെ നിയമന വിഷയത്തില്‍ തീരുമാനമെടുക്കാതെ കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് യോഗം. എടുത്തു ചാടി നിയമനം നടത്തേണ്ട എന്ന് വിലയിരുത്തലിലാണ് സര്‍വകലാശാലയെന്നും വിവാദങ്ങളുടെ ഗതി നോക്കിയ ശേഷം മതി തീരുമാനമെന്ന് സിണ്ടിക്കേറ്റില്‍ ധാരണയായെന്നും റിപ്പോര്‍ട്ടുകള്‍.
🔳തിരുവനന്തപുരം പോത്തന്‍കോട്ടെ കൊലപാതകത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. സംസ്ഥാനത്ത് ഭീതിജനകമായ സാഹചര്യമാണെന്നും യുവതലമുറയെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതിന് കാരണം തൊഴിലില്ലായ്മയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതരസംസ്ഥാനക്കാര്‍ക്ക് ഇവിടെ ജോലിയുണ്ടെന്നും എന്നാല്‍ കേരളത്തിലുള്ളവര്‍ക്ക് ജോലിയില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം വാക്കാല്‍ പറഞ്ഞു.
🔳തലയില്‍ ചുമടെടുക്കുന്നതിനെതിരെ കേരള ഹൈക്കോടതി. തലച്ചുമട് മാനുഷിക വിരുദ്ധമെന്ന് കേരള ഹൈക്കോടതി പ്രസ്താവിച്ചു. ഇത് നിരോധിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ തലച്ചുമട് ജോലിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ പ്രസ്താവന. തലച്ചുമടെടുക്കുന്ന തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. യന്ത്രങ്ങള്‍ ഇല്ലാത്ത കാലത്തേതാണ് ഈ രീതിയെന്നും ഇനിയും ഇത് തുടരരുതെന്നും കോടതി പറഞ്ഞു. തൊഴിലാളികളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ചുമട്ട് തൊഴിലാളികള്‍ അങ്ങിനെ തന്നെ തുടരണമെന്നത് ചിലരുടെ ആഗ്രഹമാണെന്നും ഇതിന് പിന്നില്‍ സ്വാര്‍ത്ഥതാത്പര്യങ്ങളാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.
🔳മുതിര്‍ന്ന പൗരന്മാരുടെ തീവണ്ടിയാത്രാക്കൂലിയിലെ ഇളവ് റദ്ദാക്കിയത് തിരുത്തണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അവശവിഭാഗങ്ങളുടെ ക്ഷേമത്തിലാണ് കൈവെക്കുന്നതെന്ന് സമദാനി കുറ്റപ്പെടുത്തി. അതിന് തെളിവാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉണ്ടായിരുന്ന യാത്രാ ഇളവുകള്‍ റദ്ദ് ചെയ്തുകൊണ്ടുള്ള നടപടി. നടപടി പിന്‍വലിച്ച് ഇളവുകള്‍ പുനഃസ്ഥാപിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.
🔳മകളുടെ ക്ഷേമത്തിനായി ആരും ആവശ്യപ്പെടാതെ വിവാഹസമയത്ത് മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി. വിവാഹസമയത്ത് തനിക്കു ലഭിച്ച ആഭരണങ്ങള്‍ ഭര്‍ത്താവില്‍നിന്ന് തിരിച്ചു കിട്ടാന്‍ യുവതി നല്‍കിയ പരാതിയില്‍ ഇവ തിരിച്ചുനല്‍കാന്‍ കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ ഉത്തരവിട്ടതിനെതിരേ തൊടിയൂര്‍ സ്വദേശിയായ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.
🔳സംസ്ഥാന മെഡിക്കല്‍, ആയുര്‍വേദ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആലപ്പുഴ സ്വദേശി ഗൗരിശങ്കര്‍ എസ്. ഒന്നാം റാങ്ക് നേടി. തൃശ്ശൂര്‍ സ്വദേശിനി വൈഷ്ണ ജയവര്‍ദ്ധനന് രണ്ടാം റാങ്കും കോട്ടയം, പാല സ്വദേശി ആര്‍.ആര്‍. കവിനേഷിന് മൂന്നാം റാങ്കും ലഭിച്ചു. 42,059 പേരാണ് റാങ്ക് പട്ടികയില്‍ സ്ഥാനംപിടിച്ചത്. ഇതില്‍ 31,722 പേരും പെണ്‍കുട്ടികളാണ്.
🔳പശുക്കളെയും കുടുംബത്തെയും സംരക്ഷിക്കാന്‍ വാളുകള്‍ കയ്യില്‍ കരുതണമെന്ന അഹ്വാനവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി സരസ്വതി രംഗത്ത്. ലക്ഷങ്ങള്‍ മുടക്കി ഫോണുകള്‍ വാങ്ങുന്നതിന് പകരം പശുക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ വാളും ആയുധങ്ങളും വാങ്ങണമെന്ന് കര്‍ണാടകയിലെ ഉഡുപ്പിയില്‍ വിഎച്ച്പി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ സാധ്വി സരസ്വതി ആഹ്വാനം ചെയ്തു.
🔳പാകിസ്താനി കൊടും ഭീകരന്‍ അബു സറാറിനെ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്നു. കശ്മീരിലെ പൂഞ്ചില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍
കൊല്ലപ്പെട്ടതെന്ന് സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
🔳വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ഗ്രൂപ്പ് ചാംപ്യന്മാരായി ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചതോടെയാണ് കേരളം നോക്കൗട്ടിന് യോഗ്യത നേടിയത്. സെര്‍വീസസിനെയാണ് കേരളം ക്വാര്‍ട്ടറില്‍ നേരിടുക.
🔳ഐഎസ്എല്ലില്‍ ഗ്രെഗ് സ്റ്റുവര്‍ട്ടിന്റെ ഹാട്രിക്കിന്റെ കരുത്തില്‍ ഒഡീഷ എഫ് സിയെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്ത് ജംഷഡ്പൂര്‍ എഫ് സി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഐഎസ്എല്‍ എട്ടാം സീസണിലെ ആദ്യ ഹാട്രിക്കാണ് സ്റ്റുവര്‍ട്ട് ഇന്നലെ സ്വന്തമാക്കിയത്.
🔳കേരളത്തില്‍ ഇന്നലെ 64,350 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 146 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,344 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3166 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4073 പേര്‍ രോഗമുക്തി നേടി. ഇതോടെ 35,410 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 129, പാലക്കാട് 105, വയനാട് 102, ഇടുക്കി 90, കാസര്‍ഗോഡ് 58.
🔳ആഗോളതലത്തില്‍ ഇന്നലെ 5,68,408 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 90,632 പേര്‍ക്കും ഇംഗ്ലണ്ടില്‍ 59,610 പേര്‍ക്കും റഷ്യയില്‍ 28,343 പേര്‍ക്കും തുര്‍ക്കിയില്‍ 21,477 പേര്‍ക്കും ഫ്രാന്‍സില്‍ 63,405 പേര്‍ക്കും ജര്‍മനിയില്‍ 40,795 പേര്‍ക്കും സ്പെയില്‍ 26,677 പേര്‍ക്കും ഇറ്റലിയില്‍ 20,677 പേര്‍ക്കും ദക്ഷിണാഫ്രിക്കയില്‍ 23,857 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 27.16 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.21 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 6,536 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,208 പേരും റഷ്യയില്‍ 1,145 പേരും ജര്‍മനിയില്‍ 575 പേരും പോളണ്ടില്‍ 537 പേരും ഉക്രെയിനില്‍ 387 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53.35 ലക്ഷമായി.
🔳ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമുള്ള കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഹരിതോര്‍ജം, ഫാഷന്‍ സെക്ടറുകളിലും ആധിപത്യം നേടാന്‍ കമ്പനി കരുനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നഷ്ടത്തില്‍ കഴിയുന്ന തുണിത്തര നിര്‍മാതാക്കളായ സിന്‍ടെക്സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ്. അസറ്റ്സ് കെയര്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ എന്റര്‍പ്രൈസ് ലിമിറ്റഡുമായി ചേര്‍ന്ന് പാപ്പരായ സിന്‍ടെക്സ് ഇന്‍ഡസ്ട്രീസിനെ ലേലത്തില്‍ നേടിയെടുക്കാന്‍ റിലയന്‍സ് രംഗത്തുവന്നുകഴിഞ്ഞു. ഏകദേശം 8,000 കോടി രൂപയുടെ കടമാണ് സിന്‍ടെക്സിന് അടച്ചുതീര്‍ക്കാനുള്ളത്.
🔳നവംബറിലെ രാജ്യത്തിന്റെ റീറ്റെയ്ല്‍ പണപ്പെരുപ്പ നിരക്ക് 4.91 ശതമാനം എന്ന മൂന്ന് മാസത്തെ ഉയരത്തില്‍. ഒക്ടോബറില്‍ ഇത് 4.48 ശതമാനമായിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണിത്. ഫുഡ് പണപ്പെരുപ്പം ഒക്ടോബറിലെ 0.85 ശതമാനത്തില്‍ നിന്ന് നവംബറില്‍ 1.87 ശതമാനമായി വര്‍ധിച്ചു. അതേസമയം ഇന്ധന പണപ്പെരുപ്പം ഒക്ടോബറിലെ 14.35 ശതമാനത്തില്‍ നിന്ന് 13.35 ആയി കുറഞ്ഞിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയ്ല്‍ വിലയില്‍ കുറവ് വന്നതിനെ തുടര്‍ന്നാണിത്.
🔳’തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ ചിത്രത്തിന് ശേഷം മറ്റൊരു മികച്ച കഥാപാത്രവുമായി നടി ശ്രീരഞ്ജിനി. തണ്ണീര്‍മത്തനില്‍ അശ്വതി ടീച്ചര്‍ ആയി എത്തിയ ശ്രീരഞ്ജിനി ടിനു പാപ്പച്ചന്‍ ചിത്രം ‘അജഗജാന്തര’ത്തില്‍ മീര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ എഴുത്തുകാരന്‍ കൂടിയായ വിനീത് വിശ്വം അവതരിപ്പിക്കുന്ന വിനു എന്ന കഥാപാത്രത്തിന്റെ പ്രണയിനിയാണ് മീര. ആന്റണി വര്‍ഗീസ് നായകനാകുന്ന അജഗജാന്തരം ഒരു ഗംഭീര ആക്ഷന്‍ ചിത്രമായാണ് ഒരുങ്ങുന്നത്. ചിത്രം ഡിസംബര്‍ 23ന് തിയേറ്ററുകളിലെത്തും.
🔳ദിലീപ്-നാദിര്‍ഷാ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി എന്നിവരുടെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ഡിസംബര്‍ 31ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ദിലീപും ഉര്‍വശിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കേശുവിന്റെ ഭാര്യ രത്‌നമ്മ ആയാണ് ഉര്‍വശി വേഷമിടുന്നത്. തിരക്കഥ ഒരുക്കുന്നത് സജീവ് പാഴൂര്‍ ആണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരു ഫാമിലി എന്റര്‍ടൈയ്നര്‍ ആയാണ് ചിത്രം ഒരുക്കുന്നത്.
🔳മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ജനപ്രിയ പ്രീമിയം ഹാച്ച് ബാക്കാണ് ബലേനോ. വാഹനം ഇതുവരെ 10 ലക്ഷം യൂണിറ്റ് വില്‍പ്പന നേടി. 2015 ഒക്ടോബറില്‍ പുറത്തിറക്കിയതിന് ശേഷം ആറ് വര്‍ഷത്തിനുള്ളില്‍ ആണ് മാരുതിയുടെ ഈ നേട്ടം. 2016 ഒക്ടോബറില്‍ ലോഞ്ച് ചെയ്ത ആദ്യ വര്‍ഷത്തില്‍ തന്നെ ബലേന ഒരുലക്ഷം വില്‍പ്പന പൂര്‍ത്തിയാക്കി. തുടര്‍ന്ന് 2018 നവംബറില്‍ 5 ലക്ഷം വില്‍പ്പന പൂര്‍ത്തിയാക്കി. 248 നഗരങ്ങളിലായി 399 നെക്സ ഔട്ട്‌ലെറ്റുകള്‍ വഴിയാണ് ബലേനോയെ മാരുതി വില്‍ക്കുന്നത്.
🔳വീട്ടുമുറ്റത്തെ ഉദ്യാനത്തില്‍ മാത്രമല്ല, വീടിനുള്ളിലും പച്ചപ്പ് നിറയുന്നത് മനസ്സിന് കുളിര്‍മയും സന്തോഷവും നല്‍കും. കോവിഡ്കാലത്ത് വീടിനുള്ളില്‍ത്തന്നെ ഒതുങ്ങേണ്ടണ്ടിവന്ന സാഹചര്യത്തില്‍ ഇന്‍ഡോര്‍ ഗാര്‍ഡനിങ്ങിനോടുള്ള ഇഷ്ടം ആളുകളില്‍ പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. വായു ശുദ്ധീകരിക്കുവാന്‍ കഴിവുള്ള അകത്തളച്ചെടികള്‍കൂടി ലഭ്യമാണെന്നു വന്നതോടെ ഇന്‍ഡോര്‍ ഗാര്‍ഡനെക്കുറിച്ച് ആഴത്തില്‍ അറിയാനും പഠിക്കാനും താത്പര്യപ്പെടുന്നവര്‍ ഏറെ. ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്കെല്ലാം ഉള്‍ക്കാഴ്ചയും ഉത്സാഹവും നല്‍കുന്നതാണ് ‘ഇന്‍ഡോര്‍ ഗാര്‍ഡനിങ്ങ് – അകത്തളത്തിലെ പച്ചപ്പ്’ എന്ന ഈ പുസ്തകം. പ്രൊഫ. ജേക്കബ് വര്‍ഗീസ് കുന്തറ. എച്ച് &സി ബുക്സ്. വില 190 രൂപ.
🔳വിണ്ടുകീറിയ പാദങ്ങളാണ് പലരുടെയും പ്രശ്നം. കാലുകളിലെ എണ്ണയുടെ അംശം കുറയുമ്പോള്‍, ചര്‍മ്മം വരണ്ട് തൊലിയില്‍ വരകള്‍ പോലെ ഉണ്ടായി അത് വീണ്ടുകീറലായി മാറുന്നു. ശരിയായ സംരക്ഷണം പാദങ്ങള്‍ക്ക് കൊടുക്കുന്നതുവഴി ഈ പ്രശ്‌നം പൂര്‍ണമായും ഇല്ലാതാക്കാം. പാദങ്ങളുടെ ഭംഗിക്ക് ആദ്യം വേണ്ടത് ശുചിത്വമാണ്. പാദസംരക്ഷണത്തിനായി വീട്ടില്‍ ലളിതമായി ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. കാലില്‍ വെളിച്ചെണ്ണയോ മറ്റ് എണ്ണകളോ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് പാദങ്ങളെ ഭംഗിയായി വയ്ക്കാന്‍ സഹായിക്കും. ഇളംചൂടുള്ള വെള്ളത്തിലേക്ക് കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങള്‍ അതില്‍ മുക്കി വയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുന്നത് പാദസംരക്ഷണത്തിന് നല്ലതാണ്. ഇളം ചൂടുവെള്ളത്തില്‍ ബേക്കിങ് സോഡ, ഉപ്പ് എന്നിവ ഇട്ട് പാദങ്ങള്‍ പതിനഞ്ച് മിനിറ്റ് മുക്കിവയ്ക്കുക. ആഴ്ചയില്‍ മൂന്ന് തവണ വരെയൊക്കെ ഇങ്ങനെ ചെയ്യുന്നത് ഫലം നല്‍കും. പാദ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് നാരങ്ങ. ഇളം ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലര്‍ത്തി അതില്‍ പാദങ്ങള്‍ മുക്കിവയ്ക്കുക. ശേഷം പാദങ്ങളില്‍ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. സുന്ദരമായ പാദങ്ങള്‍ സ്വന്തമാക്കാന്‍ ഇത് പരീക്ഷിക്കാവുന്നതാണ്. ഇളം ചൂടുവെള്ളത്തില്‍ ഷാംപൂ ചേര്‍ത്ത്, അതിലേയ്ക്ക് നാല് തുള്ളി നാരങ്ങാ നീര് ചേര്‍ത്തതിന് ശേഷം പാദങ്ങള്‍ മുക്കി വയ്ക്കാം. 30 മിനിറ്റ് ഇങ്ങനെ വയ്ക്കാം. ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് പാദങ്ങള്‍ മൃദുവും ഭംഗിയുള്ളതുമാക്കും.
*ശുഭദിനം*
അന്ന് ക്ലാസ്സില്‍ പുതുതായി വന്ന ഇംഗ്ലീഷ് അധ്യാപകന്റെ പരീക്ഷയായിരുന്നു. പരീക്ഷയില്‍ സ്ഥിരമായി കോപ്പിയടിച്ച് ജയിച്ചുവന്ന നാലുപേര്‍ അവിടെയുണ്ടായിരുന്നു. അവരുടെ ഈ കള്ളത്തരം ആര്‍ക്കും കണ്ടുപിടിക്കാനേ സാധിച്ചിരുന്നില്ല. അങ്ങനെ തങ്ങളുടെ മികവില്‍ അഹങ്കരിച്ചു കഴിയുമ്പോഴാണ് അന്ന് ഇംഗ്ലീഷ് അധ്യാപകന്റെ പരീക്ഷ എത്തിയത്. ഇന്നും അവര്‍ നല്ല തയ്യാറെടുപ്പോടുകൂടിയാണ് പരീക്ഷയ്ക്ക് എത്തിയത്. പരീക്ഷ തുടങ്ങുന്നതിന് മുമ്പ് ആ അധ്യാപകന്‍ വിദ്യാര്‍ത്ഥികളോടായി പറഞ്ഞു: ഇന്ന് നമുക്ക് രണ്ട് പരീക്ഷയാണ് ഉള്ളത്. ഒന്ന് ഇംഗ്ലീഷ് പരീക്ഷയും രണ്ട് സത്യസന്ധതയുടെ പരീക്ഷയും. ഇംഗ്ലീഷ് പരീക്ഷയില്‍ നിങ്ങള്‍ തോറ്റാലും, സത്യസന്ധതയുടെ പരീക്ഷയില്‍ നിങ്ങള്‍ തോല്‍ക്കരുത്. പരീക്ഷ തുടങ്ങി. ആ പരീക്ഷ പേപ്പര്‍ വന്നപ്പോള്‍ ആദ്യമായി ആ നാലുപേരും ഇംഗ്ലീഷ് പരീക്ഷയില്‍ തോററുപോയിരുന്നു നമുക്ക് കൈവരുന്ന നേട്ടങ്ങളുടെ അര്‍ഹതയെ മൂന്ന് ചോദ്യങ്ങളാല്‍ നമുക്ക് അളക്കാവുന്നതാണ്. എന്തു നേടി? എന്തിനു നേടി? എങ്ങനെ നേടി?… എല്ലാവരും നേടുന്നത് എനിക്കും വേണമെന്നത് അനാവശ്യവും അനാരോഗ്യകരവുമാണ്. ഒരാള്‍ എല്ലാവരുടേയും കൂടെ അവരുടെയെല്ലാം ഒപ്പമെത്താന്‍ ഓടി തുടങ്ങി. പക്ഷേ ഒപ്പമെത്താനുളള ശ്രമത്തിനിടയില്‍ സ്വന്തം ഇഷ്ടങ്ങളും മുന്‍ഗണനകളുമെല്ലാം അപ്രത്യക്ഷമായാല്‍ പിന്നെ ഒന്നാമെത്തിയിട്ട് എന്ത് കാര്യം.. ശമ്പളത്തിന് വേണ്ടി ജോലിചെയ്യുന്നവരുടേയും സംതൃപ്തിയ്ക്ക് വേണ്ടി ജോലിചെയ്യുന്നവരുടേയും മനോഭാവത്തില്‍ ഒരുപാട് വ്യത്യാസമുണ്ടായിരിക്കും. വിജയത്തെ ബഹുമാനിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിജയവഴികളെ നമുക്ക് ബഹുമാനിക്കാന്‍ ശീലിക്കാം. നമുക്ക് നേര്‍വഴിയിലൂടെ ജയം നേടാം