മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീം കോടതിയിൽ; കേരളത്തിന്റെ ആവശ്യങ്ങൾ അം​ഗീകരിക്കാനാവില്ലെന്ന് തമിഴ്നാട്

മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ അനിയന്ത്രിതമായി വെള്ളം തുറന്നു വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ ദിവസം കേരളത്തിന്റെ ഹര്‍ജിക്കെതിരെ തമിഴ്‌നാട് മറുപടി സത്യവാങ് മൂലം നല്‍കി. ഡാം തുറക്കുന്നതിന് മുന്‍പ് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് തമിഴ്‌നാടിന്റെ നിലപാട്. ഡാം മുന്നറിയിപ്പ് ഇല്ലാതെ തുറന്നിട്ടില്ല. വെള്ളം തുറന്ന് വിടുന്നതിന് മുന്‍പ് കേരളത്തിന് കൃത്യമായ വിവരം നല്‍കിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് കണക്കാക്കിയാണ് അളവ് നോക്കിയാണ് തുറന്ന് വിടുന്നത് എന്നും തമിഴ്‌നാട് പറയുന്നു.

അണക്കെട്ടില്‍ നിന്ന് ജലം തുറന്നു വിടുന്നത് നിശ്ചയിക്കാന്‍ ഇരു സംസ്ഥാനങ്ങളിലെയും രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതി വേണമെന്ന കേരളത്തിന്റെ ആവശ്യം സ്വീകാര്യമില്ലെന്ന് തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ പറയുന്നു. നിലവില്‍ മേല്‍നോട്ട സമിതിയും ഉപ സമിതിയും ഉണ്ട്. ഇതിനു പുറമെ മറ്റൊരു സമിതി വേണ്ടെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.

കൂടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് കേരളം തടസ്സം നില്‍ക്കുകയാണെന്നും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തമിഴ്നാട് ആരോപിച്ചു.