Headlines

പിഎം ശ്രീ; സിപിഐഎം സംസ്ഥാന നേതൃത്വത്തെ മെരുക്കിയത് എം.എ. ബേബിയുടെ ഇടപെടല്‍

പിഎം ശ്രീ പദ്ധതിയില്‍ സിപിഐഎമ്മിനും സിപിഐക്കും ഇടയിലെ ഭിന്നത തീര്‍ന്നത് എം.എ.ബേബിയും ബിനോയ് വിശ്വവും തമ്മിലുളള ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങില്‍. മാസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് ഇരുവരും പ്രഭാത ഭക്ഷണത്തിന് ഒരുമിച്ചത്. ധാരണാപത്രം മരവിപ്പിക്കണം എന്ന് ആവശ്യപ്പെടുന്ന കരട് കത്ത് തയാറായത് ഈ കൂടിക്കാഴ്ചയിലെന്നാണ് വിവരം.

പിഎം ശ്രീ വിഷയത്തില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തെ മെരുക്കിയത് എം.എ. ബേബിയുടെ ഇടപെടല്‍. കേന്ദ്ര ഫണ്ടിന് വേണ്ടി മുന്നണി പിളരുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന് സംസ്ഥാന നേതൃത്വത്തിന് ബേബി മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം. കാബിനറ്റ് ബഹിഷ്‌കരണത്തിന് മുന്‍പ് തന്നെ സമവായം ഉണ്ടാക്കണമെന്നു ബേബി ആവശ്യപ്പെടുകയായിരുന്നു.

സമവായ നിര്‍ദ്ദേശം അംഗീകരിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായെന്നാണ് വിവരം.ഉപസമിതി അടക്കമുള്ള കാര്യങ്ങളില്‍ മന്ത്രിസഭ തീരുമാനം കൈക്കൊള്ളും. മന്ത്രിസഭാ യോഗത്തില്‍ ഉചിതമായ നിലപാട് സ്വീകരിക്കാന്‍ മന്ത്രിമാരെ ചുമതലപ്പെടുത്തി.

അതേസമയം, സമവായമായതോടെ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കും. പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിക്കുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. സിപിഐ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ്, ധാരണാപത്രം മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കാനുള്ള സിപിഐഎം തീരുമാനിച്ചത്. വിഷയം പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കും.