പിഎം ശ്രീ പദ്ധതി ധാരണാപത്രം സംബന്ധിച്ച് തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ശുഭപ്രതീക്ഷയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും. വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ മുഖ്യമന്ത്രി തന്നെ വിശദീകരിക്കുമെന്ന് ഡി രാജ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐഎമ്മും സിപിഐയും ഒരുപോലെ ചർച്ച ചെയ്താണ് തീരുമാനമെടുത്തത്.മന്ത്രിസഭ ഉപസമിതിയുടെ അടക്കം കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കും. ധാരണാപത്രത്തിൽ ഒപ്പിട്ട സ്ഥിതിക്ക് അതിൽ നിന്ന് പിൻവാങ്ങുന്ന കാര്യങ്ങൾ പരിശോധിക്കും എന്ന് ഡി രാജ പറഞ്ഞു. കേന്ദ്ര സർക്കാരുമായി ആശയവിനിമയം നടത്തും. സംസ്ഥാന സർക്കാർ അതിന്റെ നടപടിക്രമങ്ങൾ സ്വീകരിക്കുമെന്ന് അദേഹം പറഞ്ഞു. കേന്ദ്രം പദ്ധതിയിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചാൽ അപ്പോൾ അക്കാര്യം ആലോചിക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു.
ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണ് തങ്ങളെന്നും ഇപ്പോഴത്തെ ധാരണാപത്രം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണെന്നും ഡി രാജ പറഞ്ഞു. ഇത് അംഗീകരിക്കാൻ കഴിയില്ല. സിപിഐയ്ക്കും സിപിഐഎമ്മിനും ഒരേ കാഴ്ചപ്പാടാണ്. സംസ്ഥാന സർക്കാർ ഇക്കരാ്യത്തിൽ നിലപാട് സ്വീകരിക്കും. കേന്ദ്ര സർക്കാരിനെ കാര്യങ്ങൾ ധരിപ്പിക്കും. മുഖ്യമന്ത്രി മറ്റ് കാര്യങ്ങൾ വിശദീകരിക്കുമെന്ന് ഡി രാജ പറഞ്ഞു. സിപിഐയുടെ ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയെ എതിർക്കുന്നത് തുടരുമെന്ന് അദേഹം വ്യക്തമാക്കി.








