പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ച് സിപിഐ. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഒരു മണിക്ക് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉണ്ടാകുമെന്നാണ് വിവരം. മന്ത്രിസഭാ യോഗത്തില്‍ സിപിഐ പങ്കെടുത്തേക്കും. 3.30ന് ആണ് മന്ത്രിസഭാ യോഗം. സിപിഐ നേതാക്കളുടെ അനൗപചാരികമായ യോഗത്തിലാണ് തീരുമാനം.
സിപിഐ നിലപാട് കടുപ്പിച്ചതോടെയാണ് സിപിഐഎം ഉപാധി അംഗീകരിച്ചത്. ധാരണാപത്രം മരവിപ്പിക്കുന്നു എന്ന് കാട്ടി കേന്ദ്രത്തിന് കത്ത് നല്‍കാനാണ് തീരുമാനം. കത്തിന്റെ കരട് എം എ ബേബി, ഡി രാജയ്ക്ക് കൈമാറി.
അനുകൂല തീരുമാനമില്ലെങ്കില്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുമെന്ന നിലപാട് സിപിഐ കടുപ്പിച്ചതോടെയാണ് സിപിഐഎം വഴങ്ങിയത്. എകെജി സെന്ററില്‍ നടന്നത് തിരക്കിട്ട കൂടിക്കാഴ്ചകളായിരുന്നു. എംഎ ബേബിയും എം വി ഗോവിന്ദനും മുഖ്യമന്ത്രിയുമടക്കം ചര്‍ച്ചയുടെ ഭാഗമായി. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് കെ പ്രകാശ്ബാബു പ്രതികരിച്ചു. ധാരണാപത്രം മരവിപ്പാനുള്ള കത്തയക്കല്‍ സിപിഐക്കുള്ള മയക്കുവെടി എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ആത്മഹത്യാപരമായ നടപടിയെന്ന് കെ സുരേന്ദ്രന്‍ ട്രന്റിഫോറിനോട് പറഞ്ഞു. ഒന്നും അറിഞ്ഞില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ മറുപടി.









