Headlines

“8 മണിക്കൂറിലധികം ജോലി ചെയ്യുന്നതിനോട് യോജിപ്പില്ല, ആരോഗ്യവും സമയവും നഷ്ടപ്പെടും” ; രശ്‌മിക മന്ദാന

എട്ട് മണിക്കൂറിലധികം സമയം ജോലി ചെയ്യുന്നത്തിനോട് തനിക്ക് വ്യക്തിപരമായി താൽപ്പര്യമില്ല എന്ന് നടി രശ്‌മിക മന്ദാന. ചലച്ചിത്ര താരങ്ങൾ ജോലി ചെയ്യേണ്ടുന്ന സമയത്തെ ചൊല്ലി ബോളിവുഡിൽ അരങ്ങേറുന്ന തർക്കത്തെ കുറിച്ചുള്ള ചോദ്യത്തിന് തന്റെ ‘ദി ഗേൾ ഫ്രണ്ട്‌’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ മറുപടി നൽകുകയായിരുന്നു രശ്‌മിക മന്ദാന.

“അധിക ജോലി ഒരുപാട് ചെയ്തിട്ടുള്ള ആളെന്ന നിലയ്ക്ക് പറയട്ടെ, ഞാനത് ആരോടും ചെയ്യാൻ നിർദേശിക്കില്ല. അതൊരിക്കലും ഒരു സ്ഥിരമായ ഉയർച്ച നൽകില്ല, അതുകൊണ്ട് ഒരിക്കലും ചെയ്യരുത്. നിങ്ങൾക്ക് നല്ലതെന്നു തോന്നുന്നത് ചെയ്ത്കൊള്ളൂ, അത് എട്ട് മണിക്കൂറോ, പത്തു മണിക്കൂറോ ആകട്ടെ. ഒരുപാട് ജോലി ചെയുന്നു എന്നതിൽ കാര്യമില്ല. എങ്കിലും എനിക്ക് സിനിമ എന്ന ഇൻഡസ്ട്രിയുടെ സ്വഭാവം കാരണം അങ്ങനെ ചെയേണ്ടി വന്നിട്ടുണ്ട്” രശ്‌മിക മന്ദാന പറയുന്നു.

സന്ദീപ് റെഡ്ഡി വാങ്ക-പ്രഭാസ് ചിത്രം സ്പിരിറ്റിൽ നിന്നും നടി ദീപിക പദുക്കോണിനെ ഒഴിവാക്കിയതിന് ചൊല്ലി ഇന്ത്യൻ സിനിമ മേഖലയിൽ പല രീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു. തനിക്ക് പ്രത്യേക ജോലി സമയം, ലാഭത്തിന്റെ വിഹിതം, തന്റെ പ്രൊഡക്ഷൻ ടീമിന്റെ ചിലവ വഹിക്കണം തുടങ്ങിയ നിബന്ധനകൾ അണിയറപ്രവർത്തകർ അംഗീകരിക്കാത്തതായിരുന്നു കാരണം. പ്രഭാസിന്റെ തന്നെ കൽക്കി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്നും സമാന കാരണങ്ങളാൽ ദീപിക പദുക്കോണിനെ ഒഴിവാക്കിയിരുന്നു.

“ചില പ്രത്യേക ലൊക്കേഷനോ, സമയ പരീതിയോ ഒക്കെ ഉണ്ടെങ്കിൽ നമുക്ക് വാശി പിടിക്കാൻ ആവില്ലല്ലോ, അത് എന്റെ കടമയാണ്. പക്ഷെ എന്ത് തിരഞ്ഞെടുക്കണമെന്നു എനിക്കൊരു ചോയ്‌സ് ഉണ്ടെങ്കിൽ ഞാൻ ഒരിക്കലും അധിക ജോലി തിരഞ്ഞെടുക്കില്ല, അത് അഭിനേതാവിനെന്നല്ല, ഒരു ലൈറ്റ്‌ബോയ്‌ക്കോ, സംവിധായകനോ, പോലും ഞാനത് നിർദ്ദേശിക്കില്ല കാരണം സിനിമ സെറ്റിൽ അത്രയധികം ജോലിയുണ്ട്. 9-5, 10-6 എന്ന സമയം തന്നെ ശരിക്കും നല്ലത്, ഞങ്ങൾക്കും കുടുംബവും വ്യക്തിജീവിതവും ഉണ്ട്. കൃത്യമായ ഉറക്കവും വ്യായാമം ചെയ്യാനുള്ള സമയവും കിട്ടണം, പിന്നീട് ഒരിക്കലും അത് ചെയ്യാനായില്ലല്ലോ എന്ന് ഓർത്ത് വിഷമിക്കണ്ട ഇടവരരുത് ; രശ്‌മിക കൂട്ടിച്ചേർത്തു.