Headlines

മുഖം മിനുക്കിയെത്താൻ സ്ലാവിയ: പുതിയ മോഡൽ അവതരിപ്പിക്കാൻ സ്കോഡ

 

ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ തങ്ങളുടെ സെഡാൻ മോഡലായ സ്ലാവിയയെ മുഖം മിനുക്കി അവതരിപ്പിക്കാനൊരുങ്ങുന്നു. ഓഗസ്റ്റ് 18ന് വാഹനം വിപണിയിൽ അവതരിപ്പിക്കും. 2022 ഫെബ്രുവരിയിൽ ഇന്ത്യയിൽ എത്തിയ ഈ വാഹനം നാല് വർഷം നീണ്ട കുതിപ്പിനൊടുവിൽ ഒരു മുഖംമിനുക്കലിന് ഒരുങ്ങുകയാണ്. പുതിയ എക്സ്റ്റീരിയർ, അധിക ഫീച്ചറുകൾ, കാര്യമായ മെക്കാനിക്കൽ മാറ്റങ്ങൾ എന്നിവയോടെയാകും ഈ മിഡ്-സൈസ് സെഡാൻ എത്തുകയെന്ന് പ്രതീക്ഷിക്കുന്നു.

 

 

ഹെഡ്‌ലാമ്പുകളിൽ പരിഷ്കരിച്ച എൽഇഡി (LED) സംവിധാനങ്ങളും ടെയിൽ ലാമ്പുകളിൽ പുതുക്കിയ ഡിസൈനും ഉണ്ടാകും. പുതുക്കിയ കുഷാക്ക് (Kushaq), കൊഡിയാക് (Kodiaq) മോഡലുകളിലേതിന് സമാനമായി, മുൻവശത്തെ ഗ്രില്ലിൽ ലൈറ്റിംഗ് സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള ഡിസൈൻ പ്രതീക്ഷിക്കാം. മുൻ-പിൻ ബമ്പറുകളും പുനർരൂപകൽപ്പന ചെയ്തേക്കാം. ഒപ്പം പുതിയ അലോയ് വീലുകൾ കൂടി എത്തുന്നതോടെ പുറംഭാഗത്തെ മാറ്റങ്ങൾ പൂർണ്ണമാകും.

 

ഇന്റീരിയറിന്റെ കാര്യത്തിൽ നിലവിലുള്ള ഘടന തന്നെ തുടരാനാണ് സാധ്യതയെങ്കിലും, ‘കുഷാഖി’ലേതിന് സമാനമായ വലിയ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ ഇതിൽ ഉൾപ്പെടുത്തിയേക്കാം. സീറ്റ് അപ്‌ഹോൾസ്റ്ററിയിലെ മാറ്റങ്ങൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, പിൻസീറ്റിൽ മസാജ് ഫംഗ്‌ഷൻ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സിംഗിൾ-പാൻ സൺറൂഫ്, വയർലെസ് ചാർജർ, എട്ട് സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം, റിയർ വെന്റുകളോട് കൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആറ് എയർബാഗുകൾ, TPMS തുടങ്ങിയ നിലവിലുള്ള സൗകര്യങ്ങളെല്ലാം തുടർന്നും ലഭ്യമാകുമെന്ന് കരുതപ്പെടുന്നു.

 

1.0-ലിറ്റർ TSI പെട്രോൾ എൻജിനിലാണ് പ്രധാനപ്പെട്ട മെക്കാനിക്കൽ മാറ്റം പ്രതീക്ഷിക്കുന്നത്. നിലവിലുള്ള 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സിന് പകരം, കുഷാക്ക് ഫേസ്‌ലിഫ്റ്റിൽ അവതരിപ്പിച്ച പുതിയ 8-സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് വന്നേക്കാം. അതേസമയം, 1.5-ലിറ്റർ TSI എൻജിൻ 7-സ്പീഡ് DSG-യോടൊപ്പം തന്നെ തുടരുമെന്നാണ് കരുതുന്നത്.