ടാറ്റ മോട്ടോഴ്‌സിന്റെ പഞ്ചിന്റെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 5.59 ലക്ഷം രൂപ മുതൽ (എക്‌സ്-ഷോറൂം) വിലയുള്ള പുതുക്കിയ പഞ്ച്, ഡിസൈൻ, സവിശേഷതകൾ, സുരക്ഷ, പവർട്രെയിൻ ഓപ്ഷനുകളിൽ ശ്രദ്ധേയമായ മാറ്റങ്ങളുമായാണ് എത്തുന്നത്. 2021-ൽ വിപണിയിൽ അവതരിപ്പിച്ച പഞ്ച് ആദ്യമായാണ് മുഖം മിനുക്കി എത്തിക്കുന്നത്. പുതിയ പഞ്ചിന്റെ ബുക്കിങ്ങും ഇന്ന് ആരംഭിച്ചിട്ടുണ്ട്.ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് ആറ് വേരിയന്റുകളിലാണ് വിപണിയിലേക്കെത്തുന്നത്. സ്മാർട്ട്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എസ് എന്നിവയാണവ. മാനുവൽ അല്ലെങ്കിൽ AMT ഗിയർബോക്സുകളുമായി ജോടിയാക്കിയ പെട്രോൾ, ടർബോ-പെട്രോൾ, CNG ഓപ്ഷനുകൾ തിരഞ്ഞെടുക്കാം.
പഞ്ച് ഇവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രീമിയം ലുക്കാണ് പുതുക്കിയ പഞ്ചിന്. വെർട്ടിക്കിളായി നൽകിയിട്ടുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ബോണറ്റിനോട് ചേർന്ന് നൽകിയിട്ടുള്ള നേർത്ത എൽഇഡി ടെയ്ൽലാമ്പ്, 16 ഇഞ്ച് അലോയി വീൽ, ലൈറ്റ് ബാർ ഉപയോഗിച്ച് കണക്ട് ചെയ്തിരിക്കുന്ന പുതിയ എൽഇഡി ടെയ്ൽലാമ്പ്, സിൽവർ സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവയും പുതിയ പഞ്ചിനെ കൂടുതൽ ആകർഷകമാക്കുന്നു. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഹൈലൈറ്റ്. പുതിയ 2-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററി, ബൂട്ട് സ്‌പേസ് എന്നിവയും ഇതിന് ലഭിക്കുന്നു.
360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, വയർലെസ് ഫോൺ ചാർജർ, 7-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, സൺറൂഫ്, ക്രൂയിസ് കൺട്രോൾ, 6-സ്പീക്കർ സൗണ്ട് സിസ്റ്റം എന്നിവയും പ്രധാന സവിശേഷതകളാണ്. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ്, EBD സഹിതമുള്ള ABS, ESC, ഹിൽ-ഹോൾഡ് അസിസ്റ്റ്, TPMS, ISOFIX മൗണ്ടുകൾ എന്നിവയാണ് സുരക്ഷാ സവിശേഷതകൾ. എഞ്ചിൻ ഓപ്ഷനുകളിൽ 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ-സിഎൻജി, 120 പിഎസ് ഉത്പാദിപ്പിക്കുന്ന പുതിയ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ എന്നിവ ഉൾപ്പെടുന്നു.







