Headlines

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു

 

ഇടവേളക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു. കിഴക്കൻ പ്രവിശ്യയിലെ പ്രധാന എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഡ്രോണുകൾ എത്തിയത്. ഇവയെല്ലാം സൗദി പ്രതിരോധ സേന വെടിവെച്ചിട്ടു. ഇറാഖിൽ നിന്നാണ് ഈ ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ പിന്തുണയുള്ള തീവ്രവാദി സംഘങ്ങളാണ് ആക്രമണത്തിന് പിന്നിൽ. മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് വാർത്ത സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൗദിക്ക് പൂർണ്ണ അവകാശമുണ്ടെന്നും അനുയോജ്യമായ സമയത്ത് ശക്തമായി തിരിച്ചടിക്കുമെന്നും സൗദി വ്യക്തമാക്കി.

 

 

ചെങ്കടലിൽ എണ്ണ ടാങ്കറിനു നേരെ ഹൂതി ആക്രമണം. സൗദി അറേബ്യയുടെ എൻ സി സി ഗസൽ ആണ് ആക്രമിക്കപ്പെട്ടത്. മുന്നറിയിപ്പ് അവഗണിച്ചതിനെ തുടർന്നാണ് ഹൂതികളുടെ ആക്രമണം ഉണ്ടായത്. ചെങ്കടലിൽ സൗദി അറേബ്യയ്ക്കെതിരെ ഹൂതികൾ നാവിക ഉപരോധം തുടരുന്നതിനിടെയാണ് സംഭവം. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വ്യക്തമാക്കി.

 

അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ട്രംപുമായി വാഷിങ്ടണ്ണിൽ നടന്ന കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇസ്രയേലും അമേരിക്കയും തമ്മിൽ പൂർണമായി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇസ്രയേലിൻ്റെ ഭാവി സുരക്ഷ ചർച്ചയായെന്നും

ഇറാൻ ആണവായുധം നിർമിക്കില്ലെന്ന് ഉറപ്പാക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.