എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പിന്തുണയുമായി യു.ഡി.എഫ് നേതാക്കൾ. വി.ഡി സതീശനെ രാഷ്ട്രീയ വനവാസത്തിന് വിടില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. പറഞ്ഞത് ആത്മവിശ്വാസത്തോടെ എന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു. വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി വി.എം സുധീരൻ രംഗത്തെത്തി.
യുഡിഎഫിനെ അധികാരത്തിൽ എത്തിക്കാൻ സാധിച്ചില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന് വി.ഡി സതീശന്റെ വെല്ലുവിളിക്ക് നേതാക്കളുടെ പിന്തുണ. പ്രതിപക്ഷ നേതാവിനെക്കാൾ ആത്മവിശ്വാസം തങ്ങൾക്കെന്ന് മുസ്ലിം ലീഗ് നേതാക്കൾ. വെല്ലുവിളി ഏറ്റെടുക്കാനുള്ള ആത്മവിശ്വാസം മുന്നണിയുടെ ശക്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. പ്രയോഗിക്കുന്ന വാക്കുകളിൽ വെള്ളാപ്പള്ളി നടേശൻ അന്തസ്സ് കാണിച്ചില്ലെന്ന് കെ. മുരളീധരൻ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേശൻ വർഗീയ വിഷം വമിപ്പിച്ച് കേരളത്തിലെ സാമൂഹ്യരാഷ്ട്രീയ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നുവെന്ന് വി.എം സുധീരൻ ആരോപിച്ചു.