വിമർശനം ശക്തമാക്കി വെള്ളാപ്പള്ളി; വിഡി സതീശൻ ഈഴവ വിരോധി, അഹങ്കാരിയും ധാർഷ്ട്യവുമുള്ള പ്രതിപക്ഷ നേതാവ്

കൊച്ചി: വിഡി സതീശനെതിരെ വിമർശനം ശക്തമാക്കി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഈഴവ വിരോധിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മൂന്നാഴ്ച മുൻപ് സതീശൻ തന്നെ വീട്ടിൽ വന്നു കണ്ടോട്ടെ എന്ന് ചോദിച്ചിരുന്നു. വരാൻ താൻ അനുവാദം നൽകി. ആ സതീശനാണ് തന്നെ കുറിച്ച് വിമർശനം ഉന്നയിക്കുന്നത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അഹങ്കാരിയും ധാർഷ്ട്യവും ഉള്ള പ്രതിപക്ഷ നേതാവാണ് സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞു.

താൻ മുസ്ലിം വിരോധി അല്ല. നിലപാടുകളിൽ ഉറച്ച് നിൽക്കുന്നയാളാണ് താൻ. എന്ത് വന്നാലും അതിൽ നിന്ന് പിൻമാറില്ല. മലപ്പുറത്ത് പോയി പറഞ്ഞത് ഈഴവ സമുദായത്തിൻ്റെ അവസ്ഥയെക്കുറിച്ചാണ്. കൊലച്ചതിയാണ് ഈഴവ സമുദായത്തോട് ചെയ്തത്. മലപ്പുറത്ത് സമുദായത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും ഇല്ല. മലപ്പുറം കേന്ദ്രീകരിച്ച് സംസ്ഥാനം വേണമെന്ന് പറഞ്ഞവരാണ് മതേതരത്വം പറയുന്നത്. താൻ സത്യങ്ങൾ പറയുമ്പോൾ തന്നെ വർഗീയവാദി ആക്കുന്നുവെന്നും വെള്ളാപ്പള്ളി പ്രസംഗത്തിൽ പറഞ്ഞു.