‘ഗവർണർ ജനഹിതം മാനിക്കണം’; പി എസ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന സ്വാഗതം ചെയ്ത് വി.ശിവൻകുട്ടി

ജനാധിപത്യത്തിൽ ജനഹിതം മാനിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നടത്തിയ പ്രസ്താവനയെ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സ്വാഗതം ചെയ്തു. രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ഹെഡ് ഓഫ് സ്റ്റേറ്റ് ആണ് ഗവർണർ എന്ന വസ്തുത അംഗീകരിച്ചുകൊണ്ട് തന്നെ, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരുമാണ് യഥാർത്ഥത്തിൽ ജനഹിതം പ്രതിനിധീകരിക്കുന്നതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.

ജനഹിതം മാനിക്കാൻ ഗവർണർ തയ്യാറാവണം എന്ന പി എസ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിസ്ഥാന തത്വങ്ങളെയാണ് ഉയർത്തിപ്പിടിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരും ഗവർണറും തമ്മിലുള്ള ആരോഗ്യകരമായ സമന്വയം നമ്മുടെ ജനാധിപത്യത്തിൻ്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങളിലും ജനക്ഷേമ പദ്ധതികളിലും സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഗവർണറുടെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുമ്പോൾ, ജനങ്ങളുടെ താൽപ്പര്യങ്ങൾക്കും ആവശ്യങ്ങൾക്കും പരമപ്രാധാന്യം നൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. പി എസ് ശ്രീധരൻ പിള്ളയുടെ ഈ പ്രസ്താവന, കേരള ഗവർണർ ഉൾക്കൊള്ളുമെന്നും സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധത്തിൽ പുതിയൊരു ദിശാബോധം നൽകുമെന്നും, അത് കേരളത്തിലെ ജനങ്ങൾക്ക് ഗുണകരമാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.