കൊല്ലം പത്തനാപുരത്ത് വനിതാ ഡോക്ടറെ പരിശോധനാ കേന്ദ്രത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസിന് ഗുരുതര വീഴ്ച. ലൈംഗിക ഉദ്ദേശത്തോടെയുള്ള അതിക്രമം വകുപ്പിൽ ഉൾപ്പെടുത്തിയില്ല. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം തടയൽ വകുപ്പും ചേർത്തില്ല. വകുപ്പിനെക്കുറിച്ച് ധാരണയില്ലായിരുന്നുവെന്നാണ് പൊലീസിന്റെ വിചിത്ര ന്യായം. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ കൂടി എഫ്ഐആറിൽ കൂട്ടിച്ചേർക്കാൻ എസ്പി നിർദേശം നൽകി. കേസ് ഇനി പത്തനാപുരം സി ഐ അന്വേഷിക്കും.
പത്തനാപുരത്തെ ദന്തൽ ക്ലിനിക്കിലായിരുന്നു സംഭവം. ക്ലിനിക്കിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ഇവിടെയെത്തിയ കുണ്ടയം സ്വദേശി സൽദാൻ സൽദാൻ, ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
വായിൽ തുണി തിരികിയ ശേഷം കൈകൾ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ബന്ധിക്കാൻ ശ്രമിച്ചതോടെ നിലവിളിച്ചുകൊണ്ട് ഡോക്ടർ കുതറി ഓടി. ഇതോടെയാണ് പീഡനശ്രമം പുറത്തായത്. പിന്നാലെ പത്തനാപുരം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.