Headlines

‘അമ്മയുടെ കണ്ണുനീർ വീണത് അച്ഛനെ ഭീകരർ വധിച്ചപ്പോൾ; പഹൽഗാമിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദന എനിക്ക് അറിയാം’; പ്രിയങ്ക ​ഗാന്ധി

പഹൽഗാം ഭീകാരാക്രമണത്തിൽ കേന്ദ്രസർക്കാരിനെയും ആഭ്യന്തരമന്ത്രിയെയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. പഹൽഗാമിലെ വീഴ്ചയിൽ സർക്കാരിന് മൗനമാണെന്നും കശ്മീര്‍ ശാന്തമെന്ന് സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് അമിത് ഷാ ലോക്സഭയിൽ സംസാരിച്ചിരുന്നു. ഇതിന് പിറകെയാണ് പ്രയിങ്ക​ഗാന്ധിയുടെ പ്രസം​ഗം.

പഹൽഗാം രഹസ്യാന്വേഷണ ഏജൻസികളുടേത് വൻ വീഴ്ചയാണ്. ആഭ്യന്തരമന്ത്രി രാജി വച്ചിട്ടുമില്ല ഉത്തരവാദിത്തം ഏറ്റെടുക്കുകയെങ്കിലും ചെയ്തില്ല. ചരിത്രം അല്ല വർത്തമാന കാലത്തെക്കുറിച്ച് ആണ് സംസാരിക്കുന്നത്. 1500ലധികം ടൂറിസ്റ്റുകൾ ബൈസരൺവാലിയിൽ എത്തിയിരുന്നു. 26 പേരെ കൊലപ്പെടുത്തി ഭീകരർ രക്ഷപ്പെട്ടു. ഒരു മണിക്കൂറോളം ഒരു സുരക്ഷ ഉദ്യോഗസ്ഥൻ പോലും ഇല്ലായിരുന്നുവെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

എന്റെ അമ്മയുടെ കണ്ണുനീർ വീണത് തൻറെ അച്ഛനെ ഭീകരവാദികൾ വധിച്ചപ്പോഴാണ്. പഹൽഗാമിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദന തനിക്ക് അറിയാം. വിനോദസഞ്ചാരികളെ ഭീകരർക്ക് വിട്ടു കൊടുത്തു. ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇല്ലേ എന്നും പ്രിയങ്ക ​ഗാന്ധി ചോദിച്ചു.

ടിആർഎഫ് 25 ആക്രമണങ്ങൾ കശ്മീരിൽ നടത്തി. എന്തു കൊണ്ട് ഈ സംഘടനയെ 2023ൽ മാത്രം ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ഡൽഹി കലാപത്തിനും മണിപ്പൂർ കലാപത്തിനു ശേഷവും എങ്ങനെ അമിത് ഷാ ആ സ്ഥാനത്ത് ഇരിക്കുന്നു. എല്ലാത്തിനും ക്രെഡിറ്റ് എടുത്താൽ മാത്രം പോര ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.