Headlines

സൈനിക നീക്കമുണ്ടായാല്‍ മിഡില്‍ ഈസ്റ്റില്‍ വലിയ പ്രത്യാഘാതമുണ്ടാകും; ഇറാനും അമേരിക്കയും ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്ന് റഷ്യ

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ഇനിയും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നും ടെഹ്‌റാനെതിരെ അമേരിക്ക എന്തെങ്കിലും സൈനിക നീക്കം നടത്തിയാല്‍ അത് മിഡില്‍ ഈസ്റ്റിലാകെ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും റഷ്യ. ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവാണ് ഇരുരാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാന്‍ ലക്ഷ്യമാക്കി അമേരിക്കയുടെ കപ്പല്‍പ്പട കൂടി നീങ്ങുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രെംപ് ഇന്നലെ അറിയിച്ച പശ്ചാത്തലത്തിലാണ് റഷ്യയുടെ മുന്നറിയിപ്പ്. (Russia urges US-Iran talks, warns against use of force).സൈനിക നീക്കത്തിനോ ആയുധങ്ങള്‍ പ്രയോഗിക്കാനോ ബലം പ്രയോഗിക്കാനുമല്ല ഈ ഘട്ടത്തില്‍ ശ്രമിക്കേണ്ടതെന്നും ചര്‍ച്ചകള്‍ക്കുള്ള സമയം ഇനിയും അതിക്രമിച്ചിട്ടില്ലെന്നുമാണ് വിഷയത്തില്‍ റഷ്യയുടെ പ്രതികരണം. ഇപ്പോള്‍ സൈനിക നീക്കം നടത്തുന്നത് മിഡില്‍ ഈസ്റ്റിന്റെ സുരക്ഷയെയാകെ അസ്ഥിരപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ. അത് ഇറാനും അമേരിക്കയ്ക്കും മാത്രമല്ല മറ്റ് രാജ്യങ്ങളെ ഉള്‍പ്പെടെ ബാധിക്കുന്ന വിധത്തിലുള്ള പ്രത്യാഘാതങ്ങള്‍ വരുത്തിവയ്ക്കുമെന്നും ക്രെംലിന്‍ വക്താവ് വ്യക്തമാക്കി.ജോര്‍ദാനിലെയും ഖത്തറിലെയും ഡീഗോ ഗാര്‍ഷ്യയിലെയും അമേരിക്കന്‍ വ്യോമതാവളങ്ങളിലേക്ക് നിരവധി പോര്‍വിമാനങ്ങള്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ വരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് റഷ്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈനിക ചരക്കുവിമാനങ്ങളും റീഫ്യൂവലിങ് വിമാനങ്ങളും എത്തിയതായും വിവരം ലഭിക്കുന്നുണ്ട്. യു എസ് എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലിന്റെ നേതൃത്വത്തില്‍ ഇറാനിലേക്ക് വലിയ കപ്പല്‍പ്പട നീങ്ങുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ആണവ വിഷയത്തില്‍ ധാരണയാകാത്തപക്ഷം ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.