ഡൽഹി ജന്തർ മന്തറിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾക്കെതിരെ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസ് നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. അങ്ങേയറ്റം വിദ്വേഷവും അക്രമപരവുമായ ടി.ജി. മോഹൻദാസിന്റെ ചിന്താഗതികൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെയാണ് മാധവ് സുരേഷ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഈ ആർഎസ്എസ് ബുദ്ധിജീവിയേക്കാൾ മെച്ചപ്പെട്ട സംസ്കാരം, മൃഗങ്ങൾ കാണിക്കുമെന്നും ഇത്തരമൊരു വൈകൃത മനോഭാവത്തിനുടമയായ ഇയാളെ ജയിലടക്കാമെന്നും മാധവ് സുരേഷ് കുറിച്ചു.
‘‘ഇത്തരമൊരു വികൃതമായ മനോഭാവത്തിനു ഇയാളെ അഴിയെണ്ണിക്കണം. ഈ ആർഎസ്എസ് ബുദ്ധിജീവിയേക്കാൾ എത്രയോ ഉന്നതമായ സംസ്കാരവും വിവേകവുമാണ് മൃഗങ്ങൾ പോലും പുലർത്തുന്നത്.’’ ടിജി മോഹൻദാസിന്റെ വിവാദ പരാമർശം പങ്കുവച്ചുകൊണ്ട് മാധവ് സുരേഷ് കുറിച്ചു. സി.ജെ.പിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്ത ‘ജെൻ സി’ പ്രക്ഷോഭകരെ അധിക്ഷേപിച്ചുകൊണ്ട് ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു ടിജി മോഹൻദാസിന്റെ പ്രതികരണം. ‘‘എനിക്ക് ഈ സാഹചര്യം കയ്യിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിധിയിൽ കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും.’’ ഇതായിരുന്നു ടി ജി മോഹൻദാസിന്റെ വിവാദ പ്രസ്താവന.
അവകാശങ്ങൾക്കായി ജനാധിപത്യപരമായി തെരുവിലിറങ്ങിയ വിദ്യാർഥികൾക്ക് നേരെ വെടിവെപ്പ് നടത്തണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത ടി.ജി. മോഹൻദാസിന്റെ നിലപാടിനെതിരെ പൊതുസമൂഹത്തിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. അക്രമത്തിനും കൊലവിളിക്കും ആഹ്വാനം ചെയ്ത സംഭവത്തിൽ യുവജന സംഘടനകൾ നൽകിയ പരാതികളെ തുടർന്ന് സൈബർ സെല്ലിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









