കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസിൻ്റെ ബജറ്റ് ദിനത്തിൽ സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്തെത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു എന്ന് കുറ്റപ്പെടുത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ബിജെപിയുമായി അടുത്തുനിൽക്കുകയാണ് എൻഎസ്എസ് എന്നു വരുത്തി തീർക്കാനാണ് സുരേഷ് ഗോപി വന്നതെന്നും സുകുമാരൻ നായർ വിമർശിച്ചു. പാർലമെൻറ് പോലെ തന്നെയാണ് ഞങ്ങളുടെ യോഗവും. അദ്ദേഹം എന്താ ഒന്നും അറിവില്ലാത്ത കുട്ടിയാണോ എന്നും സുകുമാരൻ നായർ ചോദിച്ചു. തെറ്റുപറ്റിയെന്ന് സുരേഷ് ഗോപി അന്ന് തന്നെ പറഞ്ഞതാണ്. അതിനുശേഷം ആണ് പിന്നീട് തിരുത്തിയതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ചൂണ്ടിക്കാണിച്ചു.
എൻഎസ്എസിനെ തീർക്കും എന്ന് പറഞ്ഞിട്ടുള്ളവർ തീർന്നിട്ടുള്ളതല്ലാതെ ഞങ്ങൾക്ക് ഒരു വിഷമവും ഉണ്ടായിട്ടില്ല. സുരേഷ് ഗോപി ആദ്യം അമ്മ സംഘടന ശുദ്ധീകരിക്കട്ടെയെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു. സുരേഷ് ഗോപി ചൂലുകൊണ്ട് അടിച്ചുവാരുമെന്നാണോ എന്ന് ചോദിച്ച സുകുമാരൻ നായർ അയാൾക്ക് എൻഎസ്എസിനെ ഒരു പുല്ലും ചെയ്യാനാവില്ലെന്നും ചൂണ്ടിക്കാണിച്ചു. നിലവിലെ വിവാദം വീണ്ടും ഉണ്ടാക്കിയതിന് പിന്നിൽ സുരേഷ് ഗോപിയുടെ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അതിൽ പാവം ഉപരാഷ്ട്രപതിയേയും വലിച്ചിഴച്ചുവെന്നും ജി സുകുമാരൻ നായർ പറഞ്ഞു.ഉപരാഷ്ട്രപതിയെ ഞങ്ങൾ മുൻപ് സ്വീകരിച്ചതാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി. ‘അന്ന് പുഷ്പാർച്ചന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. ഞാൻ അങ്ങോട്ട് ചോദിക്കണമോ. സി വി ആനന്ദ ബോസിനോട് നല്ല രീതിയിലാണ് പെരുമാറിയത്. ആരും മന്നം സമാധിയിൽ പ്രാർത്ഥന നടത്താൻ ആവശ്യപ്പെട്ടില്ല. അവിടെയാണ് താൻ തടസ്സപ്പെടുത്തി എന്നു പറയുന്നത്. ഞാനിന്നുവരെ ആരെയും തടസ്സപ്പെടുത്തിയിട്ടില്ലെ’ന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി. ‘ഡൽഹിയിലെ കരയോഗത്തിന് ഞങ്ങളോട് പ്രശ്നമുണ്ട്. അവർക്ക് എൻഎസ്എസുമായി ഒരു ബന്ധവുമില്ല. ഞങ്ങൾക്ക് മുകളിൽ കയറാൻ ശ്രമിച്ചിട്ടുള്ളതാണെ’ന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടെന്നും ജി സുകുമാരൻ നായർ ആവർത്തിച്ചു. പ്രൈവറ്റ് സെക്രട്ടറി മുഖാന്തരം രണ്ട് തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആറ് ദിവസം കഴിഞ്ഞാണ് തിരികെ വിളിച്ചതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വെളിപ്പെടുത്തി. ഒരാഴ്ച കഴിഞ്ഞുകാണാമെന്ന് സെക്രട്ടറി പറഞ്ഞതിനാൽ ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിളിച്ചെന്നും സുകുമാരൻ നായർ വ്യക്തമാക്കി. എറണാകുളത്തുവെച്ച് കാണേണ്ട കാര്യമല്ലായെന്ന് താൻ വിശദീകരിച്ചെന്നും സുകുമാരൻ നായർ വെളിപ്പെടുത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് സന്ദർശന അനുമതി നിഷേധിച്ചിട്ടില്ലെന്നും ജി സുകുമാരൻ നായരെ കാണുമെന്നും ഇന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയായിരുന്നു പ്രതികരണം. ഇനി മുഖ്യമന്ത്രിയെ കാണാൻ താൽപര്യമില്ലെന്നും തന്നെ കാണാൻ ആരും വരേണ്ടതില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. സതീശനെ കാണാൻ അല്ല അനുവാദം ചോദിച്ചത്. മുഖ്യമന്ത്രിയെ കാണാനാണ്. ഒരു വോട്ടർ ആണ് താൻ. പ്രമുഖ സംഘടനാനേതാവ് എന്ന പരിഗണന പോലും ഉണ്ടായില്ല. മുഖ്യമന്ത്രിയായിരുന്നയാൾ കാണിക്കേണ്ട മര്യാദകൾ പാലിച്ചില്ല. ആരുടെ മുന്നിലും പിച്ചച്ചട്ടിയായി പോയിട്ടില്ലെന്നും സുകുമാരൻ നായർ തുന്നറടിച്ചു.








