Headlines

മൂന്ന് പിഞ്ചുക്കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം രണ്ടാം നിലയിൽ നിന്ന് ചാടി അമ്മ; പ്രസവാനന്തര വിഷാദമെന്ന് അഭിഭാഷകൻ

 

വാഷിങ്ടൻ ∙ 2023 ൽ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ അമ്മ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ നാടകീയമായ വാദപ്രതിവാദങ്ങൾ. യുഎസിലെ മസാച്യുസെറ്റ്സ് കോടതിയിലാണ് ഇരുപക്ഷവും തങ്ങളുടെ വാദങ്ങൾ നിരത്തിയത്. പ്രസവാനന്തര വിഷാദമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ, ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.2023 ജനുവരിയിൽ ബോസ്റ്റൺ പ്രാന്തപ്രദേശമായ ഡക്സ്ബറിയിലെ വീട്ടിലെ ബേസ്മെന്റിൽ വച്ചാണ് ലിൻഡ്സെ ക്ലാൻസി എന്ന മുപ്പത്തഞ്ചുകാരി തന്റെ മക്കളെ വ്യായാമത്തിന് ഉപയോഗിക്കുന്ന ബാൻഡുകൾ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. അഞ്ച് വയസ്സുകാരി കോറ, മൂന്ന് വയസ്സുകാരൻ ഡോസൻ, എട്ട് മാസം പ്രായമുള്ള കാലൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ലിൻഡ്സെ കത്തി ഉപയോഗിച്ചു സ്വയം മുറിവേൽപ്പിക്കുകയും രണ്ടാം നിലയിലെ ജനലിലൂടെ താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഈ വീഴ്ചയിൽ ലിൻഡ്സെയുടെ അരയ്ക്കുതാഴെ തളർന്നു.തന്റെ മൂന്നാമത്തെ കുട്ടിയുടെ പ്രസവത്തിനു ശേഷം ലിൻഡ്സെ മാസങ്ങളോളം കടുത്ത പ്രസവാനന്തര മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ചിരുന്നതായി പ്രതിഭാഗം അഭിഭാഷകൻ കെവിൻ റെഡിംഗ്ടൺ പ്ലിമൗത്ത് കൗണ്ടി സുപ്പീരിയർ കോടതിയെ ബോധിപ്പിച്ചു. ബേസ്മെന്റിലേക്ക് പോകുന്ന സമയത്ത് അവർ കടുത്ത മാനസികവിഭ്രാന്തി അനുഭവിച്ചിരുന്നു. ലിൻഡ്സെ കുട്ടികളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന അമ്മയായിരുന്നു. മാനസിക ബുദ്ധിമുട്ടുകൾ കാരണം നിരവധി ഡോക്ടർമാരെ കണ്ട് ചികിത്സ തേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ഈ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ മുൻ ലേബർ ആൻഡ് ഡെലിവറി നഴ്സായ ലിൻഡ്സെയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നത് പ്രോസിക്യൂഷൻ നിഷേധിച്ചില്ല. എങ്കിലും, താൻ ചെയ്യുന്നത് തെറ്റാണെന്ന് ബോധ്യമുണ്ടായിട്ടും അവർ കൊലപാതകം തിരഞ്ഞെടുക്കുകയായിരുന്നു എന്ന് പ്രോസികൃഷൻ വാദിച്ചു. ഭർത്താവ് പാട്രിക്കിനെ പുറത്തേക്ക് ഭക്ഷണം വാങ്ങാൻ വിട്ടതും, അദ്ദേഹം തിരിച്ചെത്താൻ എടുക്കുന്ന സമയം ഫോണിൽ മാപ്പ് വഴി കൃത്യമായി കണക്കുകൂട്ടിയതും കുട്ടികളെ വകവരുത്താനുള്ള കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.കേസിലെ ആദ്യ സാക്ഷിയായി ലിൻഡ്സെയുടെ മുൻ ഭർത്താവ് പാട്രിക് ക്ലാൻസി കോടതിയിൽ ഹാജരായി. കൊലപാതകം നടക്കുന്നതിനു രണ്ടാഴ്ച മുൻപ് മാത്രമാണ് ലിൻഡ്സെ സൈക്യാട്രിക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതെന്നും, എന്നാൽ കുട്ടികളെയോ സ്വയമോ ഉപദ്രവിക്കുമെന്ന തരത്തിലുള്ള യാതൊരു ലക്ഷണങ്ങളും അവർ കാണിച്ചിരുന്നില്ലെന്നും അദ്ദേഹം മൊഴി നൽകി. താൻ ഭക്ഷണം വാങ്ങാൻ പോകുമ്പോൾ ലിൻഡ്സെയുടെ പെരുമാറ്റം തികച്ചും സാധാരണമായിരുന്നുവെന്ന് പാട്രിക് പറഞ്ഞു. ഭക്ഷണം വാങ്ങി പാട്രിക് തിരിച്ചെത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന ഭാര്യയെയാണ്. രക്ഷാപ്രവർത്തകർ എത്തിയതിനു ശേഷമാണ് ബേസ്മെന്റിൽ കുട്ടികൾ കൊല്ലപ്പെട്ട നിലയിൽ കിടക്കുന്നത് പാട്രിക് കണ്ടെത്തിയത്. താൻ ആഗ്രഹിച്ച രീതിയിലുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ, അതിൽ നിന്ന് രക്ഷപ്പെടാൻ ലിൻഡ്സെ കണ്ടെത്തിയ സ്വാർഥമായ മാർഗമായിരുന്നു കൊലപാതകമെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. കേസിന്റെ വിചാരണ ആറ് മുതൽ എട്ട് ആഴ്ച വരെ നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ.