Headlines

ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കളവിവാദമുണ്ടായ മുതുപിലാക്കാട് ക്ഷേത്ര ഭരണസമിതി തിരഞ്ഞെടുപ്പ്: സംഘപരിവാര്‍ അനുകൂല പാനലിന് വന്‍വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കളവിവാദമുണ്ടായ കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് ശ്രീ പാര്‍ഥസാരഥി ക്ഷേത്ര ഭരണസമിതി തിരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ അനുകൂല ഭക്തജന സമിതി പാനലിന് സമ്പൂര്‍ണ വിജയം. ക്ഷേത്ര സഭയിലേക്ക് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 27 സീറ്റിലും ഭക്തജന സമിതി സ്ഥാനാര്‍ഥികളും വിജയിച്ചു. (Pro-Sangh Parivar panel wins in Muthupilakad Temple election) .ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 58 ശതമാനം നേടിയ സംഘ പരിവാര്‍ പാനലിലെ എല്ലാ സ്ഥാനാര്‍ഥികളും ശരാശരി 400 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.എല്‍ ഡി എഫ് – യു ഡി എഫ് സംയുക്ത സംഖ്യത്തെ പരാജയപ്പെടുത്തിയാണ് വന്‍ വിജയം നേടിയത്. പൂക്കള വിവാദത്തോടെ മുതുപിലാക്കാട് ക്ഷേത്രത്തിലെ തിരഞ്ഞെടുപ്പ് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായിരുന്നു.കഴിഞ്ഞ ഓണക്കാലത്താണ് സംഭവം നടക്കുന്നത്. മുതുപ്പിലാക്കാട് ക്ഷേത്രമുറ്റത്ത് സംഘപരിവാര്‍ സംഘടനകളിലെ ചില പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പൂക്കളമിട്ടു. ക്ഷേത്രത്തെ സംഘപരിവാര്‍വത്ക്കരിക്കുന്നുവെന്ന് പറഞ്ഞ് അന്നത്തെ ഭരണസമിതി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ദേശസ്‌നേഹികളെ വര്‍ഗീയവാദികളാക്കി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രക്ഷോഭം നടത്തുകയും വിവാദത്തിന്റേയും ബിജെപി പ്രതിഷേധത്തിന്റേയും ഭാഗമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.