Headlines

‘മഹാത്മാ ഗാന്ധിയുടെ പേര് പറയുന്നത് പോലും കേന്ദ്ര സര്‍ക്കാരിന് ഇഷ്ടമല്ല, പ്രധാനമന്ത്രിയുടെ വണ്‍മാന്‍ ഷോയാണ്’; തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍

പുതുക്കിയ തൊഴിലുറപ്പ് ഭേദഗതി ബില്‍ വിബിജി റാംജിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുടെ പേര് പോലും കേന്ദ്രസര്‍ക്കാരിന് ഇഷ്ടമല്ലെന്നും പ്രധാനമന്ത്രിയുടെ വണ്‍മാന്‍ ഷോയാണ് രാജ്യത്ത് നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ദരിദ്രരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിക്കുന്നത്. ഡീമൊണൈറ്റേഷന്‍ പോലെ തന്നെ തൊഴിലുറപ്പ് പദ്ധതിയേയും തകര്‍ക്കാനാണ് നീക്കം നടക്കുന്നതെന്നും രാഹുല്‍ ആഞ്ഞടിച്ചു.

വിബിജി റാംജിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും എന്‍ഡിഎയിലില്ലാത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന് വിശ്വസിക്കുന്നതായും രാഹുല്‍ പറഞ്ഞു. രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിട്ടുള്ള പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. അത് വെറുമൊരു തൊഴില്‍ പദ്ധതി മാത്രമായിരുന്നില്ല. സമഗ്ര വികസനത്തിനായുള്ള ഒരു ചട്ടക്കൂടായിരുന്നു. അതിനെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഏതൊരു നീക്കത്തേയും കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

വിബിജി റാംജിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിന്റേതാണ് തീരുമാനം. ബ്ലോക്ക് – ജില്ലാ – സംസ്ഥാന തലങ്ങളില്‍ അടുത്ത മാസം അഞ്ച് മുതല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.