ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ പ്രദർശിപ്പിച്ചില്ല; ആമസോണിന് പിഴയിട്ട് സർക്കാർ

ഡൽഹി: പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിന് പിഴയിട്ട് സർക്കാർ. ഔദ്യോഗിക ഉത്തരവ് പ്രകാരം ആമസോണിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഉൽപ്പാദിപ്പിക്കപ്പെട്ട രാജ്യം ഉൾപ്പെടെയുള്ള നിർബന്ധിത വിവരങ്ങൾ പ്രദർശിപ്പിക്കാത്തതിനാണ് പിഴയിട്ടത്. ഇത്തരം വിവരങ്ങൾ പ്രദർശിപ്പിക്കാത്തതിന് ഉപഭോക്തൃ കാര്യ മന്ത്രാലയം കഴിഞ്ഞ മാസം ഇ-കൊമേഴ്‌സ് രംഗത്ത് മുൻനിരയിൽ നിൽക്കുന്ന ഫ്ലിപ്കാർട്ട്, ആമസോൺ എന്നീ കമ്പനികൾക്കും നോട്ടീസ് നൽകിയിരുന്നു.

എല്ലാ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും ലീഗൽ മെട്രോളജി (പാക്കേജുചെയ്ത ചരക്കുകൾ) നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നവംബർ 19 ന് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ ആമസോണിന് പിഴ ചുമത്തുകയായിരുന്നു.

ആദ്യ കുറ്റകൃത്യമെന്ന നിലയിൽ നിയമം അനുസരിച്ച് 25000 രൂപയാണ് പിഴയിട്ടതെന്നാണ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. എന്നാൽ ഫ്ലിപ്പ്കാർട്ടിന് പിഴയിട്ടില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഈ സംഭവത്തിൽ ആമസോണുമായി ഇമെയിലിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല.

2011ലെ ലീഗൽ മെട്രോളജി ചട്ടങ്ങൾ പ്രകാരം ആവശ്യമായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ചില ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ വിലയും ഉൽപ്പാദിപ്പിക്കപ്പെട്ട വസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്നില്ലെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം കഴിഞ്ഞ മാസം നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.

ഇ-കൊമേഴ്‌സ് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഡിജിറ്റൽ, ഇലക്ട്രോണിക് നെറ്റ്‌വർക്കിൽ എല്ലാ വിവരങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഫ്ലിപ്പ്കാർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ആമസോൺ ഡവലപ്മെന്റ് സെന്റർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഉറപ്പാക്കണമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.