സൗദി അറേബ്യയുടെ പ്രതിരോധമന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ ഇറാനിലെത്തി ചർച്ച നടത്തിയതിനു പിന്നാലെ താഴ്ന്ന് ക്രൂഡോയിൽ വില. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെത്തിയ ഖാലിദ് ബിൻ സൽമാൻ, ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സിൻ റെസായ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
എങ്കിലും, സംഘർഷങ്ങൾ അവസാനിക്കുന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നത് ഓഹരി, എണ്ണ വിപണികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. പാക്കിസ്ഥാൻ സംയുക്ത സേനാ മേധാവി അസിം മുനീർ, തുർക്കിയുടെ ഇന്റലിജൻസ് മേധാവി ഇബ്രാഹിം കാലിൻ എന്നിവരും ഖാലിദ് ബിൻ സൽമാനൊപ്പം കൂടിക്കാഴ്ചകളിൽ സംബന്ധിച്ചു.
സൗദി അറേബ്യയുമായി പ്രതിരോധ സഹകരണത്തിൽ പങ്കാളികളാണ് പാക്കിസ്ഥാനും തുർക്കിയും. മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഇസ്ലാമിക് രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് കൂടിക്കാഴ്ചയിൽ പെസെഷ്കിയാൻ പറഞ്ഞു.
അടങ്ങുമോ ഹൂതികൾ?
കഴിഞ്ഞയാഴ്ച ബാരലിന് 117 ഡോളറിലേക്ക് ഉയർന്ന ബ്രെന്റ് ക്രൂഡ് വില ഇപ്പോഴുള്ളത് 114.7 ഡോളറിലാണ്. അമേരിക്കൻ (ഡബ്ല്യുടിഐ) ക്രൂഡ് വില 100.9 ഡോളറിലേക്കും താഴ്ന്നു. സൗദി അറേബ്യയ്ക്കുനേരെ ആക്രമണങ്ങൾ കടുപ്പിക്കുകയാണ് യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതികൾ. റിയാദ് വിമാനത്താവളം, ചെങ്കടൽ തീരത്തെ സൗദിയുടെ തന്ത്രപ്രധാന എണ്ണ പൈപ്പ്ലൈൻ എന്നിവ ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം നടത്തി. മിസൈലുകൾ വിജയകരമായി തടുത്തുവെന്നാണ് സൗദി സഖ്യസേന പറയുന്നത്.
യുദ്ധക്കളത്തിലേക്ക് ഈജിപ്തും
ഇറാനും സൗദി, പാക്കിസ്ഥാൻ, തുർക്കി പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയുടെ ഭാഗമായി സൗദിക്കു നേരെയുള്ള ആക്രമണം ഹൂതികൾ തൽക്കാലം നിർത്തിയേക്കുമെന്ന് വിലയിരുത്തലുണ്ട്. ഇതിനിടെ, സൗദിക്ക് സൈനിക പിന്തുണ നൽകാൻ ഈജിപ്തും തീരുമാനിച്ചു.
പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ-സിസിയുടെ ആവശ്യപ്രകാരം ഈജിപ്ത് പാർലമെന്റാണ് വോട്ടെടുപ്പിലൂടെ സൗദിക്ക് സൈനിക പിന്തുണ നൽകാമെന്ന തീരുമാനത്തിലെത്തിയത്. യുദ്ധവിമാനങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, നാവിക സുരക്ഷ എന്നിവയിലൂടെയാകും സൗദിക്ക് ഈജിപ്ത് പിന്തുണ നൽകുക.
ചരിത്രം സൃഷ്ടിക്കാൻ ആന്ത്രോപിക്, കത്തിക്കയറി കൊറിയ
എണ്ണവില അൽപം താഴ്ന്നെങ്കിലും ആഗോളതലത്തിൽ ഓഹരി വിപണികൾ സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്. യുഎസിൽ ഇന്നലെ എസ് ആൻഡ് പി500 സൂചിക 0.70%, നാസ്ഡാക് 0.83%, ഡൗ ജോൺസ് 0.28% എന്നിങ്ങനെ ഉയർന്നു. ഫ്യൂച്ചേഴ്സ് വിപണിയിൽ നാസ്ഡാക് 0.1% കയറി. ഡൗ, എസ് ആൻഡ് പി500 എന്നിവ 0.1% താഴ്ന്നു.
എഐ രംഗത്തെ വമ്പൻ കമ്പനിയായ ആന്ത്രോപിക് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രരംഭ ഓഹരി വിൽപനയ്ക്കു (ഐപിഒ) ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ടെക്/എഐ കമ്പനികൾക്ക് ആഭിമുഖ്യമുള്ള നാസ്ഡാകിനെ പോസിറ്റീവ് ആക്കിയത്. ഏഷ്യയിൽ ദക്ഷിണ കൊറിയൻ കോസ്പി, ജാപ്പനീസ് നിക്കേയ് സൂചികകളും ഇതേ കാരണത്താൽ മുന്നേറി. കോസ്പി 3.8 ശതമാനമാണ് കയറിയത്. നിക്കേയ് 1.7%.
നേട്ടക്കുതിപ്പ് ‘നിയന്ത്രണ പരിധി’ ലംഘിച്ചതോടെ കോസ്പി ഒരുഘട്ടത്തിൽ വാങ്ങൽ നടപടികൾ (ബയ്-സൈഡ് സൈഡ്കാർ) നിർത്തിവയ്ക്കുകയും ചെയ്തു. ഓഹരികൾ വാങ്ങുന്നത് തൽക്കാലത്തേക്ക് വിലക്കുന്ന നടപടിയാണിത്. ‘ANT’ എന്ന പേരിൽ അടുത്തമാസം ആന്ത്രോപിക് നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തേക്കും. എഐ ഓഹരികൾ സമീപകാലത്ത് നേരിടുന്ന വിൽപനസമ്മർദം ഒഴിവാക്കാൻ ഈ ഐപിഒ സഹായിക്കുമെന്നാണ് കരുതുന്നത്.
എന്നിട്ടും വീഴാൻ ഇന്ത്യൻ വിപണി?
ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് വീഴുമെന്ന സൂചനയാണ് രാവിലെ 100ലേറെ പോയിന്റ് (-0.45%) നഷ്ടം നേരിട്ട ഗിഫ്റ്റ് നിഫ്റ്റി സൂചിപ്പിക്കുന്നത്. എണ്ണവില കുറഞ്ഞെങ്കിലും ഇപ്പോഴും ഇന്ത്യയ്ക്ക് ആശങ്കാജനകമായ ഉയരത്തിൽ തുടരുന്നതും പോസിറ്റീവ് ഘടകങ്ങളുടെ അസാന്നിധ്യവും വിദേശ ഓഹരി വിപണികളുടെ സമ്മിശ്ര പ്രകടനവുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നാളെ പ്രഖ്യാപിക്കുന്ന പണനയം ആഗോളതലത്തിൽ ഓഹരി, കടപ്പത്രം, സ്വർണം, കറൻസി വിപണികൾക്ക് നിർണായകമാണ്. പലിശനിരക്ക് കൂട്ടാൻ സാധ്യതയില്ല. എന്നാൽ പലിശയുടെ ഭാവിയെക്കുറിച്ച് ഫെഡറൽ റിസർവ് പറയുന്ന കാര്യങ്ങൾ വിപണികളിൽ വലിയ ചലനം സൃഷ്ടിക്കും.
കുറയ്ക്കും, നിക്ഷേപകരുടെ നികുതിഭാരം
ഓഹരി നിക്ഷേപകരുടെ ലാഭത്തിൽ ‘കൈയിട്ടുവാരുന്ന ഭീമൻ നികുതി’ കുറയ്ക്കുന്നതോ ഒഴിവാക്കുന്നതോ സംബന്ധിച്ച് കേന്ദ്രസർക്കാർ ഉടൻ ചർച്ചകളിലേക്ക് കടക്കുമെന്നത് ഓഹരി വിപണിക്ക് ആവേശമാകേണ്ടതാണ്. ഒരുവർഷത്തിലധികം കൈവശംവച്ച ഓഹരികൾ വിൽക്കുമ്പോൾ ലഭിക്കുന്ന നേട്ടത്തിന്മേൽ 12.5% നികുതി പിരിക്കുന്നത് (എൽടിസിജി) പരിഷ്കരിക്കാനാണ് കേന്ദ്ര നീക്കം.
ഇതു സംബന്ധിച്ച് ചർച്ചയാകാമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നേരത്തേ പറഞ്ഞത് ഓഹരി വിപണിക്ക് ആവേശമായിരുന്നു. വിദേശ നിക്ഷേപകരെ ഇന്ത്യയിൽതന്നെ പിടിച്ചുനിർത്താൻ സഹായിക്കുന്നതാണ് കേന്ദ്രനീക്കം. നിർമല ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ എൽടിസിജി സംബന്ധിച്ച നിർണായത പ്രഖ്യാപനം വന്നേക്കും.
ചാഞ്ചാടി സ്വർണവില
യുഎസ് ഡോളർ സൂചിക വീണ്ടും പോസിറ്റീവ് ആയതോടെ രാജ്യാന്തര സ്വർണവില ചാഞ്ചാടുകയാണ്. എണ്ണവില ഇടിവിന്റെ പശ്ചാത്തലത്തിലും യുഎസ് ഫെഡ് ഇക്കുറി പലിശനിരക്ക് കുറയ്ക്കാൻ സാധ്യത ഇല്ലാത്തതിനാലും ഔൺസിന് 4024 ഡോളർ വരെ ഉയർന്ന വില പിന്നീട് 4004 ഡോളർ വരെ താഴ്ന്നു. ഇപ്പോഴുള്ളത് 4015 ഡോളറിൽ. കേരളത്തിൽ ഇന്നും വലിയ വിലമാറ്റത്തിന് സാധ്യതയില്ല.
വീണ്ടും തളർന്ന് രൂപ
ക്രൂഡോയിൽ വില വർധന സൃഷ്ടിക്കുന്ന സമ്മർദം താങ്ങാനാവാതെ രൂപ വീണ്ടും ഡോളറിനെതിരെ താഴ്ന്നു തുടങ്ങി. ഇന്നലെ മൂല്യം 22 പൈസ കുറഞ്ഞ് 95.15ൽ എത്തി. തുടർച്ചയായ 3-ാം ദിവസമാണ് രൂപയുടെ വീഴ്ച. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ഇന്ത്യൻ ഓഹരികൾ വിറ്റൊഴിയുന്ന മനോഭാവം മാറ്റാത്തതും രൂപയ്ക്ക് തിരിച്ചടിയാണ്. ഇന്നലെ 1462 കോടി രൂപയാണ് വിദേശ നിക്ഷേപകർ പിൻവലിച്ചത്.









