ഓഹരി വിപണിയിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്കിന് തടസമാണെന്ന് ആരോപണം ഉയർന്ന, നികുതി ഘടന പൊളിച്ചെഴുതാൻ കേന്ദ്രസർക്കാർ. അടുത്ത ബജറ്റു വരെ കാത്തിരിക്കാതെ ദീപാവലിക്കു മുൻപു തന്നെ ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടായേക്കും. ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് ബാധകമായ ദീർഘകാല മൂലധന നേട്ട നികുതിയിലാണ് (എൽടിസിജി) സമഗ്ര പരിഷ്ക്കാരം വരുന്നത്. ഓഹരി വിപണിയിൽ വലിയ മുന്നേറ്റത്തിന് കാരണമായേക്കാവുന്ന നീക്കമാണിത്.
എന്താണ് എൽടിസിജി?
ഓഹരിയോ മ്യൂച്വൽ ഫണ്ടോ 12 മാസത്തിലധികം കാലം കൈവശം വച്ച ശേഷം വിൽക്കുമ്പോൾ ഒരുസാമ്പത്തിക വർഷത്തിൽ 1.25 ലക്ഷം രൂപയിൽ കൂടുതൽ ലാഭമുണ്ടായാൽ നൽകേണ്ട നികുതിയാണിത്. ലഭിക്കുന്ന ലാഭത്തിന്റെ 12.5 ശതമാനമാണ് നികുതി. ഒരു ലക്ഷം രൂപ ലാഭമുണ്ടായാൽ 10 ശതമാനമായിരുന്നു നേരത്തെയുണ്ടായിരുന്ന എൽടിസിജി. ഇത് 2024 ജൂലൈ ബജറ്റിൽ വർധിപ്പിക്കുകയായിരുന്നു. ലിസ്റ്റഡ് കമ്പനികളുടെ ഓഹരികൾക്കു മാത്രമാണ് ഈ നികുതി ബാധകം. അൺലിസ്റ്റഡ് വിപണിയിലെ ഓഹരികൾക്ക് ഈ നികുതിയില്ല.
മാറ്റം എന്തിന്?
ദീർഘകാല മൂലധന നേട്ട നികുതി ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള നിക്ഷേപങ്ങളെ ബാധിക്കുന്നതായാണ് സാമ്പത്തിക സ്ഥാപനങ്ങളുടെ വിലയിരുത്തൽ. നടപ്പു സാമ്പത്തിക വർഷം ഇന്ത്യൻ വിപണിയിൽ നിന്ന് 3 ലക്ഷം കോടി രൂപയ്ക്കു തുല്യമായ വിദേശനിക്ഷേപം പിൻവലിക്കപ്പെടാൻ കാരണവും ഈ അധിക നികുതിയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. തുടർന്ന് ഇക്കാര്യത്തിൽ സെബി, സിബിഡിടി, ബാങ്കുകൾ എന്നിവരുമായി കേന്ദ്രസർക്കാർ ചർച്ച നടത്തി. ഇന്ത്യൻ ഓഹരി വിപണിയുടെ മത്സരക്ഷമ നിലനിർത്താനും വിദേശനിക്ഷേപകരെ ആകർഷിക്കാനും എൽടിസിജിയിൽ മാറ്റം വരുത്തണമെന്ന് കേന്ദ്രസർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. ഇക്കാര്യത്തിൽ വിവിധ ഏജൻസികൾ നൽകിയ ശുപാർശകൾ ധനമന്ത്രാലയം പരിശോധിക്കുകയാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നുമാണ് വിവരം.
എന്താണ് നേട്ടം?
നിലവിൽ യുഎസ്, യുകെ, സിംഗപ്പൂർ, ഹോങ്കോങ്, യുഎഇ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ എൽടിസിജി ഈടാക്കുന്നില്ല. ചൈനയിൽ ചില ഓഹരികൾക്ക് നികുതി ഇളവുണ്ട്. മറ്റുള്ളവയ്ക്ക് 10 ശതമാനമാണ് എൽടിസിജി. ഇന്ത്യയിലും സമാന രീതിയിൽ കുറഞ്ഞ നികുതി ഈടാക്കുമെന്ന പ്രഖ്യാപനമെത്തിയാൽ വിദേശനിക്ഷേപം കൂടുതലായി എത്താൻ സാധ്യതയുണ്ട്. ഇതോടെ ഓഹരി വിപണിയും മുന്നേറും. ഇന്ത്യൻ രൂപയ്ക്കും ഇത് കരുത്താകും.
ഡോളർ കണക്കിലും മാറ്റം
വിദേശ നിക്ഷേപകരുടെ പക്കൽ നിന്ന് എൽടിസിജി ഈടാക്കുന്നതിലും ചില മാറ്റങ്ങളുണ്ടായേക്കുമെന്നാണ് വിവരം. നിലവിൽ എല്ലാ നിക്ഷേപകർക്കുമുള്ള എൽടിസിജി കണക്കാക്കുന്നത് രൂപയിലാണ്. എന്നാൽ രൂപയുടെ വിനിമയ നിരക്ക് കുത്തനെ ഇടിയുന്ന സാഹചര്യത്തിൽ ഇതിൽ മാറ്റം വേണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശനിക്ഷേപകരുടെ എൽടിസിജി കണക്കാക്കുമ്പോൾ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞതു കൂടി പരിഗണിക്കാനുള്ള വ്യവസ്ഥകൾ പുതിയ പ്രഖ്യാപനത്തിലുണ്ടായേക്കും.









