മുംബൈ: രാജ്യം വിടണമെന്ന നോട്ടീസിൽ ബോളിവുഡ് നടൻ ഇമ്രാൻ ഖാന് താത്കാലിക ആശ്വാസം. ഹർജിയിൽ വാദം പൂർത്തിയാകുന്നതുവരെ ഇന്ത്യയിൽ തുടരാമെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു. മുംബൈയിലെ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിന് നാളേയ്ക്കകം രാജ്യം വിടാനായിരുന്നു നിർദേശം നൽകിയത്. ഹർജി നവംബർ 2 ന് വീണ്ടും പരിഗണിക്കും.
ഒക്ടോബർ 10ന് മുംബൈയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ഇമ്രാൻ ഖാന് എഫ്.ആർ.ആർ.ഒ ലീവ് ഇന്ത്യ നോട്ടീസ് അയച്ചത്. പ്രതിഷേധ സ്ഥലത്തുനിന്ന് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്‌ട് 2025 ലംഘിച്ച് പ്രക്ഷോഭത്തിൽ പങ്കെടുത്തു എന്ന് ആരോപിച്ച് ഒക്ടോബർ 14നാണ് നോട്ടീസ് അയച്ചത്. തുടർന്ന് ഒക്ടോബർ 17ന് ഇമ്രാൻ ഖാൻ്റെ ഒ.സി.ഐ കാർഡ് റദ്ദാക്കുമെന്നും കാണിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി. ബി.ജെ.പി നേതാവ്’കിരിത് സോമയ്യ നൽകിയ പരാതിയുടെയും പൊലീസ് നൽകിയ തെളിവില്ലാത്ത എഫ്.ഐ.ആറിന്റെയും അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് ഇമ്രാൻ ഖാൻ്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി.
രണ്ട് വയസ്സ് മുതൽ ഇന്ത്യയിൽ ജീവിക്കുന്ന വ്യക്തിയാണെന്നും തനിക്കെതിരെ മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങൾ ഒന്നുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇമ്രാൻ ഖാൻ ഹൈ കോടതിയെ സമീപിച്ചത്. എഫ്.ആർ.ആർ.ഒയുടെ നടപടി ഭരണഘടനാ വിരുദ്ധവും അനിയന്ത്രിതവുമാണെന്ന് അദ്ദേഹം ഹർജിയിൽ വ്യക്തമാക്കി. നോട്ടീസ് പൂർണമായും റദ്ദാക്കണമെന്നും നാടുകടത്തൽ അടക്കമുള്ള കടുത്ത നടപടികളിൽ നിന്ന് തനിക്ക് ഇടക്കാല സംരക്ഷണം നൽകണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.









