പാക്കിസ്ഥാനിൽ വമ്പൻ നിക്ഷേപത്തോടെ ചൈന ഒരുക്കുന്ന തന്ത്രപ്രധാന ചരക്കുനീക്ക, അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ചേരാൻ അഫ്ഗാനിസ്ഥാനും? ചൈനയുടെ അധിനിവേശ മേഖലയിൽ നിന്ന് പാക്ക് അധിനിവേശ കശ്മീരിലൂടെ കടന്ന് പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖം വരെ നീളുന്നതാണ് നിലവിലെ ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതി. ഇത് പാക്ക്-അഫ്ഗാൻ അതിർത്തിയായ തോർഖാം വഴി അഫ്ഗാനിസ്ഥാനിലേക്കും നീളുന്നതാണ് നിർദ്ദിഷ്ട സിപിഇസി 2.0.
പദ്ധതിയിൽ ചേരാമെന്നും തുടർനടപടികൾ നടക്കട്ടേയെന്നും 2025 മേയിൽ ചേർന്ന പാക്ക്, അഫ്ഗാൻ, ചൈന പ്രതിനിധികളുടെ ചർച്ച തത്വത്തിൽ തീരുമാനിച്ചിരുന്നു. പാക്കിസ്ഥാനും അഫ്ഗാനും ഇടയിൽ റോഡുമാർഗം ചരക്കുനീക്കം നടക്കുന്നതും ഖൈബർ മലനിരകൾക്കിടയിലൂടെയുള്ള ഇടുങ്ങിയ പാതയുമാണ് തോർഖാം അതിർത്തിയിലുള്ളത്.
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് തോർഖാം മാസങ്ങളോളമായി അടഞ്ഞുകിടപ്പാണ്. പാക്കിസ്ഥാനിൽ നിന്ന് മധ്യേഷ്യൻ രാജ്യങ്ങളായ കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടക്കാനുള്ള പ്രധാനപാതയുമാണ് അഫ്ഗാനുമായുള്ള ഈ അതിർത്തി.
തോർഖാം അടഞ്ഞതിനാൽ അഫ്ഗാനും മധ്യേഷ്യൻ രാജ്യങ്ങളും ചരക്കുനീക്കത്തിന് ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത് ഇറാനിലെ ചബഹാർ തുറമുഖത്തെയാണെന്നാണ് റിപ്പോർട്ടുകൾ. ചബഹാറിൽ ഇന്ത്യ വൻനിക്ഷേപത്തോടെ സജ്ജമാക്കിയ ഷഹീദ് ബെഹെഷ്തി ടെർമിനലും പ്രവർത്തിക്കുന്നുണ്ട്.
പൂർണമായും കരയാൽ ചുറ്റപ്പെട്ട അഫ്ഗാനിസ്ഥാനും മറ്റ് മധ്യേഷ്യൻ രാജ്യങ്ങൾക്കും നിലവിൽ ഏറ്റവും അടുത്ത തുറമുഖങ്ങൾ പാക്കിസ്ഥാനിലെ കറാച്ചിയും ഗ്വാദറുമാണ്. തോർഖാം അടഞ്ഞതോടെ ഈ രാജ്യങ്ങൾ ചബഹാറിലേക്ക് കണ്ണെറിഞ്ഞു. സിപിഇസി 2.0ൽ റോഡ്, റെയിൽ കണക്റ്റിവിറ്റികൾ ഉൾപ്പെടെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുണ്ട്.
തോർഖാം തുറക്കുകയും സിപിഇസി 2.0ന് അഫ്ഗാനിസ്ഥാൻ താൽപ്പര്യം അറിയിക്കുകയും ചെയ്താൽ പാക്കിസ്ഥാൻ വഴിയുള്ള ചരക്കുനീക്കം സജീവമാകും. ഇത് ചബഹാറിന് ഭീഷണിയാകുമോ എന്നാണ് ആശങ്ക. ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെനിന്ന് തിരികെയും പോകുന്ന കപ്പലുകളെ തടയുന്ന നടപടി തുടരുകയാണ് അമേരിക്ക. ഇത് എണ്ണയുൾപ്പെടെ ഇറാന്റെ കയറ്റുമതിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇറാനും കയറ്റിറക്കുമതിക്ക് പാക്കിസ്ഥാനി തുറമുഖങ്ങളെ ആശ്രയിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, ഇറാനുമേൽ ഉപരോധം കൂടുതൽ കടുപ്പിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. ചബഹാറിനുമേലുള്ള ഉപരോധം നീക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടും അമേരിക്ക ഗൗനിച്ചിട്ടില്ല. ഇതിനിടെയാണ് കൂടുതൽ സാമ്പത്തിക ഉപരോധത്തിനുള്ള നീക്കം. ഈ സാഹചര്യത്തിൽ, തൽക്കാലം ചബഹാർ തുറമുഖത്തെ ടെർമിനലിന്റെ നിയന്ത്രണച്ചുമതല ഇറാനെതന്നെ ഏൽപ്പിക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.









