Headlines

പ്രിയദർശിനി പദ്ധതി കുടുംബത്തെ ദുരിതത്തിലായി; സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം ആരംഭിച്ച് ബസ് ഉടമകൾ

തിരുവനന്തപുരം ∙ സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസിൽ സൗജന്യ യാത്ര സാധ്യമാക്കിയ പ്രിയദർശിനി പദ്ധതിക്കെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം. ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാരാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികളാണ് നിരാഹാര സമരത്തിലുള്ളത്. പ്രിയദർശിനി പദ്ധതിയെ തുടർന്ന് ഉപജീവനമാർഗം അടഞ്ഞെന്ന പരാതിയാണ് ഇവർ ഉയർത്തുന്നത്. ഒട്ടേറെ തവണ പരാതിയുമായി ഗതാഗത മന്ത്രിയെ കണ്ടിട്ടും പരിഹാരമായില്ലെന്നും ബസ്സുടമകൾ വ്യക്തമാക്കുന്നു.
പ്രിയദർശിനി പദ്ധതി നിമിത്തം സ്വകാര്യ ബസ് ജീവനക്കാരുടെ 60,000 കുടുംബങ്ങൾ ദുരിതത്തിലായെന്നും സർവീസുകൾ നിർത്തലാക്കേണ്ട അവസ്ഥയിലാണ് തങ്ങളെന്നും സമരക്കാർ അറിയിച്ചു. തങ്ങളുടെ കുടുംബത്തിലും സ്ത്രീകളുണ്ട് അവർക്കും ജീവിക്കണമെന്നും സമരക്കാർ പറഞ്ഞു. തൽക്കാലം സർവീസ് മുടക്കിയുള്ള സമരത്തിനില്ലെന്നും ബസ്സുടമകൾ വ്യക്തമാക്കി. യാത്രക്കാർ പൂർണമായും സ്വകാര്യ ബസുകളെ ഉപേക്ഷിച്ചു. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം ഉൾപ്പെടെ സർക്കാർ പരിഗണിക്കുന്നില്ലെന്നും ബസ് ഉടമകൾ പറഞ്ഞു.