Headlines

ഖത്തർ കെഎംസിസി ഓഫിസിലെ കവർച്ച; അഞ്ചാം പ്രതി വിദേശത്തേക്ക് കടന്നു

കോഴിക്കോട് ∙ ഖത്തർ കെഎംസിസി ഓഫിസിലെ എട്ടു കോടിയോളം രൂപ കവർച്ച ചെയ്തതുമായി ബന്ധപ്പെട്ട കേസിലെ അഞ്ചാം പ്രതി വിദേശത്തേക്ക് കടന്നു. കേസിൽ അഞ്ചാമതായി പ്രതി ചേർത്ത ഹസൻ ആണ് ഖത്തറിലേക്ക് കടന്നുകളഞ്ഞത്. കേസിൽ കഴിഞ്ഞ ദിവസം നെല്യാടി പരപ്പിൽ ബാലകൃഷ്ണൻ പൊലീസിന് മുന്നിൽ കീഴടങ്ങുന്ന വിവരം അറിഞ്ഞാണ് ഹസൻ രാജ്യം വിട്ടതെന്നാണ് വിവരം.

ആറു പ്രതികളുള്ള കേസിൽ കൊയിലാണ്ടി വിയ്യൂരിലെ ബിജെപി ബൂത്ത് പ്രസിഡന്റ് കൂടിയായ നെല്ല്യാടി സ്വദേശി പരപ്പിൻകുനിയിൽ ബാലകൃഷ്ണൻ (60) മാത്രമാണ് പൊലീസിൽ കീഴടങ്ങിയത്. കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ.പ്രശാന്ത് നൽകിയ കസ്റ്റഡി അപേക്ഷയിൽ കൊയിലാണ്ടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഇയാളെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ബാലകൃഷ്ണനെ വിമാനത്താവളത്തിലും കൊയിലാണ്ടിയിൽ ഖത്തറിലെ കവർച്ചയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.

കഴിഞ്ഞ ദിവസം ബാലകൃഷ്ണൻ പൊലീസിൽ കീഴടങ്ങിയതോടെയാണ് കവർച്ചാകേസ് വീണ്ടും സജീവ ചർച്ചാ വിഷയമായത്. കേസിൽ ബാലകൃഷ്ണനെ കൂടാതെ ബോംബെ ഷാജി (ഷാജഹാൻ), പയ്യോളി റാഷി, ബാവ (സാലിഹ്), ഹസൻ മമ്മാലി, നിസാർ എന്നിവരെ പ്രതി ചേർത്താണ് കൊയിലാണ്ടി പൊലീസ് എഫ്ഐആർ‍ റജിസ്റ്റർ ചെയ്തത്. ഖത്തർ കെഎംസിസി വൈസ് പ്രസിഡന്റ് തലശ്ശേരി സ്വദേശി പി.കെ.അബ്ദുൽ റഹീം നൽകിയ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്. അബ്ദുൽ റഹിം കൊയിലാണ്ടിയിലെത്തി ബാലകൃഷ്ണനുമായി സംസാരിക്കുകയും ഇയാൾ വെളിപ്പെടുത്തിയ വിവരങ്ങൾ കൂടി റെക്കോർഡ് ചെയ്ത് പൊലീസിന് കൈമാറുകയുമായിരുന്നു. കേസിൽ രാജ്യത്തുള്ള മറ്റു നാലു പേർ മുൻകൂർ ജാമ്യത്തിനായി ശ്രമം നടത്തുന്നതായാണ് സൂചന. കേസിലെ പ്രതികൾ മറ്റു ചിലരുമായി കവർച്ച സംബന്ധിച്ചും പണമിടപാട് സംബന്ധിച്ചും സംസാരിച്ചതിന്റെ ശബ്ദരേഖകളും ഇതിനിടെ പുറത്തുവന്നിരുന്നു.

2025 സെപ്റ്റംബർ 18 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഖത്തറിലെ അൽ തുമാമയിലെ കെഎംസിസി ഓഫിസിലെ സ്ട്രോങ് റൂമിന്റെ പൂട്ടുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് കവർച്ച നടത്തിയത്. ജിസിസി രാജ്യങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജോലി ചെയ്യുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് അനുഭാവികളുടെയും മലയാളി പ്രവാസികളുടെയും ജീവകാരുണ്യ-സാംസ്കാരിക കൂട്ടായ്മയാണ് കെഎംസിസി. ഇതിൽ ഖത്തറിലെ 25,000 ൽ ഏറെ പ്രവർത്തകരുടെ ക്ഷേമത്തിനായി രൂപീകരിച്ച നിധിയിലെ 31 ലക്ഷം ഖത്തർ റിയാലാണ് കവർന്നതെന്നാണ് വിവരം.

ഓരോ അംഗവും 20 റിയാൽ വീതം നിക്ഷേപിക്കുന്ന തരത്തിലായിരുന്നു നിധി സമാഹരിച്ചത്. ക്ഷേമനിധിയായി ആണ് പണപ്പിരിവ് നടത്തിയതെങ്കിലും ഖത്തറിൽ പണപ്പിരിവു നടത്തുന്നതും ബാങ്കിൽ അത് നിക്ഷേപിക്കുന്നതും കുറ്റകരമായതിനാലാണ് കെഎംസിസി ഓഫിസിൽ തന്നെ പ്രത്യേക ലോക്കർ ഉണ്ടാക്കി 31 ലക്ഷം റിയാൽ സൂക്ഷിച്ചതെന്നാണ് വിവരം.