Headlines

ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ പൊലീസ്

 

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ നിന്ന് റെയ്ഡ് കഴിഞ്ഞിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്. പ്രതികളുടെ ഫോണ്‍ കോളുകളില്‍ അസ്വാഭാവികതയില്ലെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൂടുതല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കേസില്‍ 20ലേറെപ്പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. ഒരാള്‍ വിദേശത്തേക്ക് കടന്നെന്നും പൊലീസ് കോടതിയെ അറിയിച്ചു.

 

 

കേസില്‍ കഴിഞ്ഞദിവസം മൂന്ന് സിപിഐഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷകള്‍ കൂടി തള്ളിയിരുന്നു. മൂന്നാം പ്രതി ജീവന്‍, പതിമൂന്നാം പ്രതി നന്ദു, ഇരുപത്തിമൂന്നാം പ്രതി ഷൈജു എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചന നടന്നതിന് തെളിവുകളുണ്ടെന്നായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. പ്രവര്‍ത്തകര്‍ക്ക് ആസൂത്രണത്തിന് സമയം ലഭിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. കൊല്ലണമെന്ന ഉദ്ദേശത്തോട് കൂടി ആക്രമണം നടന്നെന്നാണ് കോടതിയുടെ നിരീക്ഷണം. ജാമ്യം നല്‍കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കുമെന്നും കോടതി നിരീക്ഷിച്ചു.എന്നാല്‍ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് പ്രതികളുടെ വാദം. പ്രതിഷേധിക്കാന്‍ വേണ്ടിയാണ് പ്രതിപക്ഷ നേതാവിന്റെ വീടിന് മുന്നില്‍ എത്തിയതെന്നും ആക്രമിക്കുക എന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും പ്രതികള്‍ പറഞ്ഞിരുന്നു.