കേരള സര്‍വകലാശാലയിലെ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറുകള്‍ക്കകം നീക്കം ചെയ്യണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്റെ നിര്‍ദേശം. നീക്കിയില്ലെങ്കില്‍ അത് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യുമെന്നുമാണ് നിര്‍ദേശം. പ്രവേശന കവാടത്തില്‍ ബാനറുകള്‍ ഉണ്ടാകരുതെന്ന് കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗവും തീരുമാനിച്ചിരുന്നു. (Banners at Kerala University centres must be removed within 24 hours’; VC)
കേരള സര്‍വകലാശാലയുടെ പാളയത്തെ ആസ്ഥാനം, കാര്യവട്ടം ക്യാംപസ് എന്നീ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് വി സി അന്ത്യശാസനം നല്‍കിയിരിക്കുന്നത്. സിന്‍ഡിക്കേറ്റ് യോഗ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് അദ്ദേഹം നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍വകലാശാല കവാടത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ ബോര്‍ഡുകളോ ബാനറുകളോ പാടില്ലെന്നതായിരുന്നു സിന്‍ഡിക്കേറ്റിന്റെ തീരുമാനം. എന്നാല്‍ മേല്‍പ്പറഞ്ഞ രണ്ട് ക്യാംപസുകളിലും ഇത് നടപ്പിലാക്കിയിരുന്നില്ല. പാളയത്തെ ക്യാംപസില്‍ കവാടത്തില്‍ ഉള്‍പ്പെടെ ഇപ്പോഴും ബാനറുകളുണ്ട്. ഈ ബോര്‍ഡുകള്‍ സര്‍വകലാശാലയുടെ പേര് തന്നെ മറയ്ക്കുന്ന വിധത്തിലാണെന്നാണ് വിസി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.24 മണിക്കൂറിനകം ബാനറുകള്‍ നീക്കിയില്ലെങ്കില്‍ സര്‍വകലാശാല തന്നെ അത് നീക്കും. എന്നിട്ട് ഇതിനുള്ള ചെലവുകള്‍ ബാനറുകള്‍ സ്ഥാപിച്ച സംഘടനകളില്‍ നിന്ന് ഈടാക്കുമെന്നുമാണ് വി സിയുടെ നിര്‍ദേശത്തിലുള്ളത്. ക്യാംപസുകളില്‍ വിദ്യാര്‍ഥി സംഘടനകളുടെ മാത്രമല്ല അധ്യാപക സംഘടനകള്‍ സ്ഥാപിച്ച ബാനറുകളുമുണ്ട്. ഇതടക്കം നീക്കം ചെയ്യേണ്ടതായി വരും.







