യെമനിൽ വെടിനിർത്തൽ ലംഘിച്ച് ഹൂതികളുടെ ആക്രമണം. 30 പേർ കൊല്ലപ്പെട്ടു. മാരിബ്, ഹദ്രാമൗട്ട് ഗവർണറേറ്റുകളിലെ യെമൻ എമർജൻസി ഫോഴ്‌സ് ക്യാമ്പുകൾക്ക് നേരെയായിരുന്നു ആക്രമണം. 2022ന് ശേഷമുള്ള വലിയ ആക്രമണമാണിത്. മാരിബ് പ്രവിശ്യയിലെ അൽ-റുവൈക് മേഖലയിലും ഹദ്രമൗത് പ്രവിശ്യയിലെ അൽ-അബ്ര മേഖലയിലുമുള്ള എമർജൻസി ഫോഴ്‌സിന്റെ നിയന്ത്രണത്തിലുള്ള നിരവധി സൈനിക ക്യാമ്പുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണത്തെ ആരോഗ്യ മന്ത്രി ഖാസിം ബഹിബാഹ് ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ‘വഞ്ചനാപരമായ ആക്രമണം’ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം അദ്ദേഹം വെളിപ്പെടുത്തിയില്ല.
ആക്രമണത്തെ അപലപിച്ച് യെമനിലെ യുഎസ് എംബസി രംഗത്തെത്തി. ആക്രമണത്തിൽ നിരവധി സൈനിക ക്യാമ്പുകളും സൈനികരുടെ താവളങ്ങളും ആയുധ-വെടിക്കോപ്പു ശേഖരങ്ങളും തകർത്തതായും ഹൂതികൾ അവകാശപ്പെട്ടു. കിഴക്കൻ യെമനിലെ നിരവധി സൈനിക വാഹനങ്ങളും ആക്രമണത്തിൽ തകർന്നതായാണ് ഹൂതികൾ അവകാശപ്പെടുന്നത്. ആക്രമണത്തിൽ ആളപായവും വസ്തുനാശവും ഉണ്ടായതായി നേരത്തെ എമർജൻസി ഫോഴ്സസ് അറിയിച്ചിരുന്നുവെങ്കിലും ഹൂതികളുടെ അവകാശവാദത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.







