Headlines

കുവൈറ്റ് ബാങ്ക് തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

കുവൈറ്റിലെ ബാങ്കുകളിൽനിന്ന് വൻ തുക വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിട്ട സംഭവത്തിൽ കേരള ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചേക്കും. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് ഏറ്റെടുക്കാനാണ് തീരുമാനം. തട്ടിപ്പ് നടത്തിയ മലയാളികൾ ഉൾപ്പെടെയുള്ളവർ മറ്റ് രാജ്യങ്ങളിലേക്ക് കടന്നതായാണ് പൊലീസിന്റെ നിഗമനം. പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും സാധ്യതയുണ്ട്.

കോട്ടയത്തും എറണാകുളത്തുമായി 12 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുവൈത്തിലെ അൽ അഹ്‌ലി ബാങ്കിൽ നിന്ന് 60 ലക്ഷം രൂപ മുതൽ ഒന്നര കോടി രൂപ വരെ വായ്പയെടുത്ത് മുങ്ങിയെന്നാണ് പരാതി.

വ്യാപ്തി വ്യക്തമാക്കുന്നതാണ് കേസുകളുടെ എണ്ണം. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവിടെ മാത്രം എട്ട് കേസുകളിലായി ഏഴരക്കോടി രൂപയുടെ തട്ടിപ്പ് നടന്നതായി റിപ്പോർട്ടുണ്ട്. വൈക്കത്ത് 86.65 ലക്ഷം രൂപയുടെ തട്ടിപ്പിൽ പടിഞ്ഞാറേ നട സ്വദേശി ജിഷയാണ് പ്രതി.