Headlines

പ്രതിഷേധങ്ങളില്‍ കുലുങ്ങില്ല, മണ്ഡലത്തില്‍ സജീവമാകുമെന്ന തീരുമാനത്തിലുറച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കും

വിവാദങ്ങള്‍ക്കിടെ മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഇന്ന് മുതല്‍ രാഹുല്‍ മണ്ഡലത്തിലെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം. ഇന്നും രാഹുലിനെതിരെ പ്രതിഷേധിക്കാന്‍ ഡിവൈഎഫ്‌ഐയും ബിജെപിയും പദ്ധതിയിടുന്നതായാണ് സൂചന. ഷാഫി പറമ്പില്‍ എംപിയ്‌ക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു നടത്തിയ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും രംഗത്ത് എത്തും.

വിവാദങ്ങള്‍ക്കിടെ 38 ദിവസത്തിന് ശേഷം ബുധനാഴ്ചയാണ് രാഹുല്‍ പാലക്കാട് മണ്ഡലത്തിലെത്തിയത്. രാഹുലെത്തിയത് കോണ്‍ഗ്രസിന്റെ സംസ്ഥാന, ജില്ലാ നേതാക്കളുടെ മൗനാനുവാദത്തോടെയാണെന്ന് സൂചനകളുണ്ട്. മണ്ഡലത്തിലെ സ്ത്രീകള്‍ എംഎല്‍എയെ സൂക്ഷിക്കണമെന്ന് പറഞ്ഞ് ബിജെപിയും ഡിവൈഎഫ്‌ഐയും വ്യാപക പ്രതിഷേധം നടത്തിയെങ്കിലും ജനാധിപത്യപരമായ പ്രതിഷേധമെങ്കില്‍ നടക്കട്ടേ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. പ്രതിഷേധമുണ്ടായാലും താനിനി മണ്ഡലത്തില്‍ തന്നെ കാണുമെന്നും രാഹുല്‍ പ്രഖ്യാപിച്ചിരുന്നു. എന്നിരിക്കിലും ഈ ദിവസങ്ങളില്‍ രാഹുല്‍ തനിക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ നിഷേധിക്കുകയോ അതിന് വിശദീകരണം നല്‍കുകയോ ചെയ്തില്ലെന്നത് ശ്രദ്ധേയമാണ്.

മൂന്നാം പാര്‍ട്ടി പരാതികള്‍ അല്ലാതെ രാഹുലിനെതിരെ അതിക്രമം നേരിട്ടവര്‍ നേരിട്ട് പരാതി നല്‍കിയിട്ടില്ല എന്നതുള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് രാഹുലിന് കോണ്‍ഗ്രസ് ഇതുവരെ പ്രതിരോധം തീര്‍ത്തിട്ടുള്ളത്. എം മുകേഷ് എംഎല്‍എ രാജിവയ്ക്കാത്തതും മണ്ഡലത്തിലും സഭയിലും സജീവമാകുന്നതും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഒരു വേള രാഹുല്‍ സഭയില്‍ വന്ന് പോയെങ്കിലും മറ്റ് ദിവസങ്ങളിലൊന്നും പാലക്കാടിനെ പ്രതിനിധീകരിച്ച് സഭയിലെത്തിയിരുന്നില്ല.