ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാകില്ലെന്ന പ്രതീക്ഷയാണുള്ളതെന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഐജ ആര്‍ മഹേഷിന്റെ മാതാവ് രാധിക.മകള്‍ക്കും ജീവിതം നഷ്ടമായ എല്ലാവര്‍ക്കും നീതി കിട്ടണമെന്നാണ് ആഗ്രഹം. സിജെപിയുടെ സമര വിജയം ഏറെ ആശ്വാസം നല്‍കുന്നതാണെന്നും രാധിക പറഞ്ഞു.
ഇത്രയും ആള്‍ക്കാര്‍ അവിടെ പോയി കുട്ടികള്‍ക്ക് വേണ്ടി ഇത്രയും ശ്രമിച്ചില്ലേ. അത് അത്രയും വലിയ കാര്യമായിട്ടാണ് കാണുന്നത്. വര്‍ഷത്തില്‍ ഒരു തവണ മാത്രമേ നീറ്റ് എക്‌സാം നടത്തുന്നുള്ളു. അതിന് അതിന്റേതായ പ്രാധാന്യം നല്‍കി വേണ്ടേ നടത്താന്‍. അത് സര്‍ക്കാര്‍ ചെയ്തില്ല. കുട്ടികള്‍ ഊണും ഉറക്കവും നഷ്ടപ്പെട്ട് കഷ്ടപ്പെടുന്നതാണ്. ഒരു വര്‍ഷം മാത്രമല്ല, മൂന്നും നാലും തവണ എഴുതുന്ന കുട്ടികളുണ്ട്. അവരുടെ മാനസികാവസ്ഥയും കൂടി പരിഗണിക്കണ്ടേ – രാധിക പറഞ്ഞു.പരീക്ഷ എഴുതി വീട്ടിലെത്തിയ ഐജ സന്തോഷത്തിലായിരുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്നു. കുട്ടി. നവോദയയിലാണ് വിദ്യാഭ്യാസം നേടിയത്. 98 ശതമാനം മാര്‍ക്ക് പ്ലസ് ടുവിന് ഉണ്ടായിരുന്നു. ഒരു വര്‍ഷം കഠിന പരിശ്രമം നടത്തിയാണ് നീറ്റിന്റെ ആദ്യ പരീക്ഷ എഴുതിയത്. പിന്നീട് ഈ പരീക്ഷ റദ്ദാക്കിയെന്ന് അറിഞ്ഞപ്പോള്‍ ഏറെ മാനസിക പ്രയാസം നേരിടുകയും ചെയ്തു. മറ്റ് കോഴ്‌സുകള്‍ക്ക് ചേരാന്‍ പറഞ്ഞപ്പോള്‍ അതിന് താത്പര്യമില്ലെന്നായിരുന്നു ഐജയുടെ മറുപടി. റദ്ദാക്കിയ നീറ്റ് പരീക്ഷ ജൂണ്‍ 21ന് വീണ്ടും നടത്തുമെന്ന് അറിയിപ്പു വന്നു. റദ്ദാക്കിയ ശേഷം നടക്കുന്ന നീറ്റ് പരീക്ഷയ്ക്കായി ഒരു മാസത്തെ കൂടി കോഴ്‌സ് ഉണ്ടെന്ന് പരിക്ഷാ പരിശീലന സ്ഥാപനത്തില്‍ നിന്ന് അറിയിച്ചതോടെ മേയ് 27ന് അമ്മ രാധികയോടൊപ്പം ഐജ വീണ്ടും പഠനത്തിനെത്തി. പരീക്ഷയ്ക്കായി വീണ്ടും പഠനം ആരംഭിച്ചതിന്റെ മൂന്നാം ദിവസം ജൂണ്‍ 2ന് ഹോസ്റ്റലില്‍ വച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. പിറ്റേ ദിവസം ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്.







