കോക്രോച്ച് ജനതാ പാർട്ടി നടത്തിയ യുവജന പ്രക്ഷോഭത്തിന്റെ നേട്ടം ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ഒതുങ്ങുന്നതല്ല. ആഴമേറിയൊരു മുറിവാണ് അത് ഏൽപിച്ചിരിക്കുന്നത്: നരേന്ദ്ര മോദി ഏറെ പണിപ്പെട്ട് വളർത്തിയെടുത്ത ‘അപരാജിതനായ ഭരണാധികാരി’ എന്ന പ്രതിഛായയെ അതു തകർത്തെറിഞ്ഞിരിക്കുന്നു. അമിത് ഷായുടെ രാഷ്ട്രീയ തന്ത്രജ്ഞതയെക്കുറിച്ചുള്ള മിഥ്യാധാരണയുടെ പൊള്ളത്തരം തുറന്നുകാട്ടിയിരിക്കുന്നു. ഈ പ്രക്ഷോഭത്തെ നേരിടാൻ അമിത് ഷാ അഭയം പ്രാപിച്ചത് തന്റെ സഹജവാസനയിലാണ്– വിയോജിക്കുന്ന ഓരോ ശബ്ദത്തെയും ഓരോ ജനാധിപത്യ രോദനത്തെയും നിശ്ശബ്ദമാക്കുകയും അപകീർത്തിപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യുക.നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ആസ്തി ഒരിക്കലും അദ്ദേഹത്തിന്റെ ഭരണമായിരുന്നില്ല; മറിച്ച് അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്ന പരിവേഷമായിരുന്നു. ഒരു പതിറ്റാണ്ടിലേറെയായി അജയ്യമായി തോന്നിച്ച പരിവേഷം. പൊതുജനാഭിപ്രായം രൂപീകരിക്കാനും ചർച്ചകളെ ഇച്ഛാനുസരണം മാറ്റിയെടുക്കാനുമുള്ള അസാധാരണ കഴിവ് മോദിക്കുണ്ടെന്ന വിശ്വാസത്തിലാണ് ആ പ്രതിഛായ നിലനിന്നിരുന്നത്. ഈ പ്രക്ഷോഭത്തിനിടെ രാജ്യത്തിന്റെ കൺമുന്നിൽ ആ പരിവേഷം തകർന്നുവീണു. ചെറുപ്പക്കാർ പ്രധാനമന്ത്രിയെ ആയിരക്കണക്കിന് മീമുകളുടെ വിഷയമാക്കി. അദ്ദേഹത്തിനു ചുറ്റും അതിസൂക്ഷ്മമായി നിർമിച്ചെടുത്ത വിശുദ്ധിയുടെ പരിവേഷം പിച്ചിച്ചീന്തപ്പെട്ടു. അവർ അദ്ദേഹത്തെ നോക്കി ചിരിച്ചു, പരിഹസിച്ചു, കാരിക്കേച്ചറുകൾ വരച്ചു. ജന്തർ മന്തറിൽനിന്ന് ജനക്കൂട്ടം പിരിഞ്ഞുപോയാലും ആ മീമുകൾ അപ്രത്യക്ഷമാകാൻ സാധ്യതയില്ല. ഒരു തലമുറയുടെ രാഷ്ട്രീയ സ്മൃതിയിലേക്ക് അത് കടന്നുകഴിഞ്ഞു.ധർമേന്ദ്ര പ്രധാന്റെ രാജി കേവലം ഒരു മന്ത്രിയുടെ പതനമല്ല, മറിച്ച് നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പിൻവലിയലാണ്. തികഞ്ഞ നയതന്ത്രജ്ഞതയായോ തന്ത്രപരമായ നീക്കമായോ സർക്കാർ ഇതിനെ അവതരിപ്പിച്ചേക്കാം. എന്നാൽ, വഴങ്ങാത്തയാളെന്ന പരിവേഷമുള്ള പ്രധാനമന്ത്രിക്ക് തങ്ങളുടെ ഇച്ഛാശക്തിക്കു മുന്നിൽ തലകുനിക്കേണ്ടി വന്ന നിമിഷമായാണ് യുവാക്കൾ ഇതിനെ കാണുന്നത്. മുട്ടുമടക്കുന്നതിനു മുൻപ്, മോദിയും പ്രചാരവേലക്കാരും പരിചിതമായ എല്ലാ തന്ത്രങ്ങളും പയറ്റി. ഈ പ്രക്ഷോഭത്തിന് വിദേശ സഹായമുണ്ടെന്നും പാക്കിസ്ഥാന്റെ പ്രേരണയുണ്ടെന്നും പ്രതിപക്ഷത്തിന്റെ കൗശലമാണെന്നും ഗൂഢാലോചനക്കാർ നുഴഞ്ഞുകയറിയതാണെന്നുമെല്ലാം പറഞ്ഞുപരത്തി. പ്രശ്നം സർക്കാരിന്റെ പെരുമാറ്റത്തിലല്ല, സ്വന്തം ആശയവിനിമയത്തിലാണെന്ന നിഗമനത്തിൽ ഇതിനിടയിലെപ്പോഴോ നരേന്ദ്ര മോദി എത്തിയെന്നു തോന്നുന്നു. താൻ കീഴടക്കാത്ത ഇടമായി ഇൻസ്റ്റഗ്രാം തുടരുകയാണെന്ന് അദ്ദേഹത്തിന് ഉപദേശം ലഭിച്ചു, ദീർഘകാലം രാഷ്ട്രീയവിജയമേകിയ ആത്മവിശ്വാസത്തോടെ അദ്ദേഹം ഇൻസ്റ്റഗ്രാമിലെത്തി.ബുദ്ധിജീവികളിൽ പലരും പ്രശംസിച്ച തന്റെ ആശയവിനിമയ ശേഷിക്ക് യുവാക്കളെ അനായാസം വശീകരിക്കാൻ കഴിയുമെന്ന് മോദി വിശ്വസിച്ചു. പകരം, യുവാക്കൾ ചിരിച്ചു. ഏറെ പരിശീലിച്ചു നടത്തിയ ആ പ്രകടനത്തെ അവർ പൊളിച്ചടുക്കി, കാപട്യം തുറന്നുകാട്ടി. സംസാരസ്വാതന്ത്ര്യത്തിന്റെ വിജയമാണിത്. വാക്കു കൊണ്ടും ഭാവന കൊണ്ടും സ്വന്തം ശരീരങ്ങൾ കൊണ്ടുമാണു യുവാക്കൾ പോരാടിയത്. ബുദ്ധിയുടെ മൂർച്ച കൊണ്ടുമാത്രമല്ല, നിശ്ചയദാർഢ്യത്തിന്റെ സ്ഥിരത കൊണ്ടും അവർ വിസ്മയിപ്പിച്ചു. ഈ പ്രസ്ഥാനം ശേഷിപ്പിക്കുന്ന പാഠം ഇതാണ്: ഭയപ്പെടാതിരിക്കുക. ജനാധിപത്യ ബോധത്തെ വിശ്വസിക്കുക. ഭരിക്കുന്നവർക്ക് മുന്നിൽ ധാർമിക വിവേചനാധികാരം അടിയറ വയ്ക്കാതിരിക്കുക. നിങ്ങളുടെ മനസ്സാക്ഷിയെ കീഴടക്കാൻ ഭരണകൂടത്തെ അനുവദിക്കാതിരിക്കുക.സ്വന്തം യുവത്വത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഒരു രാജ്യം അതിന്റെ നഷ്ടസ്വരം വീണ്ടെടുക്കാൻ തുടങ്ങുന്ന നിമിഷമായി ഇതു മാറിയേക്കാം. യുവാക്കൾ ഇപ്പോൾ മുന്നോട്ടുവച്ചിരിക്കുന്ന ഈ ദൗത്യത്തിനൊത്ത് നമ്മുടെ രാജ്യം ഉയരുമോ? കാലത്തിനു മാത്രം ഉത്തരം നൽകാനാകുന്ന ചോദ്യം.









